സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്; മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
10 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച വരെ തെക്ക്-പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ, വടക്ക് അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചിലപ്പോൾ കാറ്റിന്റെ വേഗത 70 കി.മീ വരെയാകാനും സാധ്യതയുണ്ട്. ഈ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.