നഗരത്തിനു പുറത്തും ആഘോഷം ശംഖുമുഖത്ത് വൻ തിരക്ക്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ജില്ലയിൽ ഒരുക്കിയിരിക്കുന്ന 29 വേദികളിലും വലിയ തിരക്ക്. അവധി ദിനങ്ങൾ ആഘോഷിക്കാനും കലാവിരുന്ന് ആസ്വദിക്കാനും വിവിധ കേന്ദ്രങ്ങളിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തിയതോടെ ജില്ലയാകെ ആഘോഷത്തിന്റെ ഓണക്കോടിയുടുത്തു.

കടൽക്ഷോഭത്തെത്തുടർന്ന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ശംഖുമുഖം കടപ്പുറത്ത് ഓണം വാരാഘോഷം തുടങ്ങിയതു മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികൾക്കുള്ള വിനോദോപാധികളും ലഘുഭക്ഷണ ശാലകളുമായി ശംഖുമുഖം ഉണർവിലാണ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ആക്കുളം ടൂറിസ്റ്റ് വില്ലേജ്, വേളി ടൂറിസ്റ്റ് വില്ലേജ് എന്നിവിടങ്ങളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പരിപാടികളാണ് ശംഖുമുഖത്തെ വേദിയിൽ ഒരുക്കിയിരിക്കുന്നത്. ഡാൻസ്, ഓണപ്പാട്ടുകൾ, ശാസ്ത്രീയ സംഗീതം എന്നിവയാണ് ശംഖുമുഖത്തെ വേദിയിൽ ഇന്നലെ അരങ്ങേറിയത്. വേളി ടൂറിസ്റ്റ് വില്ലേജിലെ വേദിയിൽ ദിവ്യ എസ്. വിജയന്റെ നേതൃത്വത്തിൽ ഗാനമേളയും തുടർന്ന് ജീവിതപാഠം നാടകവും അരങ്ങേറി. ആക്കുളത്ത് മാജിക് ഷോയായിരുന്നു പ്രധാന പരിപാടി. അജയ് ഓർക്കസ്ട്രയുടെ ഗാനമേളയും ശ്രദ്ധേയമായി.

കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന പഞ്ചവാദ്യം, ഗസൽ, ഡാൻസ് എന്നിവയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പള്ളിച്ചൽ മുടവൂർപാറ ബോട്ട് ക്ലബ് അങ്കണത്തിൽ സി.വി. സ്മാരക കലാഭവൻ അവതരിപ്പിച്ച വിൽ കലാമേളയും സ്വരസംഘം അവതരിപ്പിച്ച ഗാനമേളയും നടന്നു. ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വെള്ളായണി എന്നിവിങ്ങളിലും വിവിധ കലാപരിപാടികൾ അരങ്ങേറി.

കൊതിയൂറും ചിക്കൻ വിഭവങ്ങൾ രുചിക്കാം

ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ഭക്ഷ്യമേളയിൽ എത്തുന്നവരെ കാത്തിരിക്കുന്നത് നാവിൽ കൊതിയൂറും ചിക്കൻ വിഭവങ്ങൾ. ചിക്കൻ നുറുക്കി വറുത്തത്, ചിക്കൻ മസാല, മലബാർ ചിക്കൻ ദം ബിരിയാണി എന്നിവ രുചിക്കാൻ വൻ തിരക്കാണ്.

ചിക്കൻ തട്ടുകട, ചിക്കൻ പൊള്ളിച്ചത്, ചിക്കൻ വിന്താലു, ചിക്കൻ ശവാൽ എന്നിവയാണ് പ്രത്യേകതയേറിയ മലബാർ വിഭവങ്ങൾ. തനി നാടൻ ഇനങ്ങളായ ചിക്കൻ ഫ്രൈ, ചിക്കൻ പെരട്ട്, ചിക്കൻ കറി എന്നിവയും മിതമായ നിരക്കിൽ ലഭിക്കും. കോംബോ ഇനങ്ങളായ ചപ്പാത്തി-ചിക്കൻ കറി, പത്തിരി-ചിക്കൻ ഫ്രൈ, കപ്പ-ചിക്കൻ കറി എന്നിവയും ലഭിക്കും.

മസാല ചേരുവകൾ പാടേ ഒഴിവാക്കി കുരുമുളക്, പച്ചമുളക്, വെളുത്തുള്ളി, കാന്താരിമുളക് എന്നിവ അരച്ചുചേർത്ത് തയ്യാറാക്കുന്ന ഹെർബൽ ചിക്കന് ആവശ്യക്കാരേറെയാണ്. വിവിധ കുടുംബശ്രീ യൂണിറ്റുകളും ഹോട്ടൽ സംരംഭകരും ചേർന്നാണ് സൂര്യകാന്തിയിൽ ഭക്ഷണപെരുമ ഒരുക്കിയിരിക്കുന്നത്.

സെപ്റ്റംബർ 16വരെ ഈ രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *