ഓണം വാരാഘോഷത്തിന് കൊടിയേറി

ഓണം വാരാഘോഷത്തിന് കൊടിയേറി

ഈ വർഷത്തെ ഓണം വാരാഘോഷത്തിനു തുടക്കമിട്ടുകൊണ്ട് സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ കനകക്കുന്നിൽ ഓണപ്പതാക ഉയർത്തി. ഇനിയുള്ള ഒരാഴ്ചക്കാലം അനന്തപുരിക്ക് ഉത്സവകാലം. ഈ ഓണം മലയാളികൾക്ക് അതിജീവനത്തിന്റെ ആഘോഷമാണെന്ന് മന്ത്രി പറഞ്ഞു. അടുത്തടുത്തുണ്ടായ രണ്ടു പ്രളയങ്ങളുണ്ടാക്കിയ ആഘാതം അതിജീവിക്കാനും അതിന്റെ വേദനകൾ മറക്കാനും ഈ ഓണാഘോഷത്തിനു കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഏവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണം അദ്ദേഹം ആശംസിച്ചു.

ഐ.ബി സതീഷ് എം.എൽ.എ, ടൂറിസം സെക്രട്ടറി റാണി ജോർജ്, പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ യു.വി ജോസ്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ തുടങ്ങിയവർ സംബന്ധിച്ചു.

ഓണം വാരാഘോഷം; സംസ്ഥാനതല ഉദ്ഘാടനം 
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 10 വൈകിട്ട് ആറിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളത്തെ തുടർന്നാണ് സമ്മേളനം ആരംഭിക്കുന്നത്. സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് കീർത്തി സുരേഷ്, പ്രശസ്ത സിനിമാ താരം ടൊവിനോ തോമസ് എന്നിവർ മുഖ്യ അതിഥികളായിരിക്കും.  പ്രശസ്ത പിന്നണിഗായിക കെ.എസ് ചിത്രയുടെ സംഗീതനിശ അരങ്ങേറും.

കേരളത്തിന്റെ പരമ്പരാഗതവും തനിമ നിറഞ്ഞതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത-ദൃശ്യ വിരുന്നുകളും ആയോധന കലാ പ്രകടനങ്ങളുമെല്ലാം ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തിന്റെ മാറ്റുകൂട്ടും. ഇക്കൊല്ലത്തെ പുതിയ വേദിയായ വെള്ളായണി ഉൾപ്പടെ തലസ്ഥാന നഗരിക്ക് അകത്തും പുറത്തുമായി 29 വേദികളിലാണ് വിനോദസഞ്ചാര വകുപ്പ് കലാപരിപാടികൾ സംഘടിപ്പിക്കുന്നത്. ഏഴു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളിൽ അയ്യായിരത്തിലേറെ കലാകാരന്മാർ അണിനിരക്കും.

പ്രശസ്ത പിന്നണി ഗായകരായ എം.ജി ശ്രീകുമാർ, വിധു പ്രതാപ്, സുധീപ് കുമാർ, റിമി ടോമി, ജ്യോത്സ്‌ന, കാർത്തിക്, ശ്രീനിവാസ്, മധു ബാലകൃഷ്ണൻ, ഉണ്ണി മേനോൻ, രമേഷ് നാരായണൻ, മാർക്കോസ്, ജാസി ഗിഫ്റ്റ്, മൃദുല വാര്യർ, കാവാലം ശ്രീകുമാർ എന്നിവർ വിവിധ വേദികൾക്ക് മാറ്റുകൂട്ടും. പ്രശസ്ത നർത്തകരും സിനിമാ താരങ്ങളുമായ ആശാ ശരത്തിന്റെയും നവ്യ നായരുടെയും നൃത്തപരിപാടികളും അരങ്ങേറും. മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയാണ് മറ്റൊരു ആകർഷണം. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ടൂറിം സംഗമമാണ് ഈ വർഷത്തെ ഓണാഘോഷത്തിന്റെ മറ്റൊരു സവിശേഷത. പ്രളയത്തെ അതിജീവിച്ച കേരളത്തെ കുറിച്ച് വിവരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനം സെപ്റ്റംബർ 16ന് കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കും.

വൈദ്യുത-ദീപാലങ്കാരവും ഭക്ഷ്യമേളയും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും. താളവും മേളവും പൊലിമയും നിറച്ച വർണശബളമായ ഓണവിരുന്നാണ് സെപ്റ്റംബർ പത്തുമുതൽ 16 വരെ സർക്കാർ ഒരുക്കിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *