റാം ജഠ്മലാനി അന്തരിച്ചു

ന്യൂഡൽഹി:  മുതിർന്ന അഭിഭാഷകനും നിയമജ്‍ഞനും കേന്ദ്രമന്ത്രിയുമായ റാം ജഠ്മലാനി (95) അന്തരിച്ചു‍‌. രാവിലെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. 1996, 1999 വാജ്‌പേയ് മന്ത്രിസഭകളിൽ അംഗമായിരുന്ന ജഠ്മലാനി, രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അഭിഭാഷനായിരുന്നു. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളിൽ പ്രതികളുടെ അഭിഭാഷകനായും ശ്രദ്ധ നേടി. ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷനായും രാജ്യാന്തര ബാർ അസോസിയേഷൻ അംഗമായും പ്രവർത്തിച്ചു. നിയമരംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം 2017 സെപ്റ്റംബറിൽ അഭിഭാഷകവൃത്തിയിൽനിന്നു വിരമിച്ചു.

ഇപ്പോൾ പാക്കിസ്ഥാനിലുള്ള ശിക്കാർപുരിൽ 1923 സെപ്റ്റംബർ 14ന് ജനനം. സ്‌കൂളിൽ ട്രിപ്പിൾ പ്രമോഷൻ നേടി പഠിച്ച അദ്ദേഹത്തിനു പതിനേഴാം വയസ്സിൽ നിയമബിരുദം ലഭിച്ചെങ്കിലും എൻറോൾ ചെയ്യാൻ പ്രായമായിട്ടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി അധികൃതർ തടസ്സം പറഞ്ഞു. സിന്ധിലെ ചീഫ് ജസ്റ്റിസിനു മുന്നിൽ വാദമുഖങ്ങൾ നിരത്തി ചട്ടത്തിൽ ഇളവിനുള്ള പ്രമേയം പാസാക്കിയെടുത്തു. മുംബൈയിൽ അഭിഭാഷകവൃത്തി തുടങ്ങിയ അദ്ദേഹം ആദ്യത്തെ കക്ഷിയിൽ നിന്നു സ്വീകരിച്ചതു ഒരു രൂപ മാത്രമാണ്. പിന്നെ രാജ്യത്തെ വിലപിടിപ്പുള്ള അഭിഭാഷകനായി മാറിയതു ചരിത്രം. ഹാജി മസ്താന്റേതടക്കം മുംബൈയിലെ പല കള്ളക്കടത്തുകാരുടെയും കേസുകൾ ഏറ്റെടുത്ത ജഠ്‌മലാനി ‘കള്ളക്കടത്തുകാരുടെ വക്കീൽ’ എന്നറിയപ്പെട്ട കാലവുമുണ്ടായിരുന്നു.

ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധക്കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജരായതു വലിയ ചർച്ചയായി. കേതൻ പരേഖ്, ഹർഷദ് മേത്ത എന്നിവരുടെ അഭിഭാഷകനായിരുന്ന ജഠ്മലാനി വിവാദമായ ജസീക്ക ലാൽ വധക്കേസിൽ പ്രതിഭാഗത്തിനു വേണ്ടിയാണു ഹാജരായത്. വിവാദമായ സ്പെക്ട്രം കേസിൽ കനിമൊഴിയുടെ അഭിഭാഷകനായി. അനധികൃത ഖനന കേസിൽ യെഡിയൂരപ്പയ്ക്കായി വാദിച്ചു. ജെസിക്ക ലാൽ കേസ്, ആശാറാം ബാപ്പു, ലാലുപ്രസാദ് യാദവ് ഉൾപ്പെട്ട കാലിത്തീറ്റ കേസ് തുടങ്ങിയവയിൽ ജഠ്മലാനി വക്കാലത്ത് ഏറ്റെടുത്തു. വൻതുക പ്രതിഫലമുള്ള വക്കീലായിരിക്കുമ്പോഴും നിരവധി പൊതുതാൽപര്യ വ്യവഹാരങ്ങൾ സൗജന്യമായി നടത്തി.

ബിജെപിയുമായി ‌‌ഇണങ്ങിയും പിണങ്ങിയുമാണു ജഠ്‌മലാനി മുന്നോട്ടു പോയത്. ആറ്, ഏഴ് ലോക്‌സഭകളിൽ ബിജെപി ടിക്കറ്റിൽ ലോക്‌സഭാംഗമായി. 1999ലെ രണ്ടാം വാജ്‌പേയി മന്ത്രിസഭയിൽ നിയമമന്ത്രിയായി. വിവാദത്തെത്തുടർന്ന് 2000ൽ രാജിവച്ചു, പാർട്ടിയിൽ നിന്നു പുറത്തായി. 2004ൽ വാജ്‌പേയിക്കെതിരെ ലക്‌നൗ മണ്ഡലത്തിൽ മത്സരിച്ചു. നിതിൻ ഗഡ്‌കരി അധ്യക്ഷനായിരിക്കെ 2010ൽ വീണ്ടും ബിജെപിയിൽ. രാജസ്‌ഥാനിൽനിന്നു രാജ്യസഭാംഗത്വം. നിതിൻ ഗഡ്‌കരി, സുഷമ സ്വരാജ്, അരുൺ ജയ്‌റ്റ്‌ലി എന്നിവർക്കെതിരെ വിമർശനം നടത്തിയതിനെ തുടർന്നു 2013ൽ വീണ്ടും ബിജെപി പുറത്താക്കി. ശിവസേന– ജനസംഘ് പിന്തുണയോടെയും ജനതാ പാർട്ടിയുടെ ടിക്കറ്റിലും പാർലമെന്റിലെത്തി. ആറു തവണ രാജ്യസഭാംഗവുമായി. ‘ഹിന്ദു പവിത്രകഴകം’, ‘ഭാരത് മുക്‌തിമോർച്ച’ തുടങ്ങിയ പാർട്ടികൾ അദ്ദേഹം രൂപീകരിച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *