പാലാരിവട്ടം പാലം ഒരു വർഷം അടച്ചിടേണ്ടി വരും: മന്ത്രി

കൊച്ചി: പാലാരിവട്ടം പാലം ഒരു വർഷം വരെ അടച്ചിടേണ്ടി വരുമെന്ന് മന്ത്രി ജി. സുധാകരൻ. പാലത്തിലൂടെ ചെറുവാഹനങ്ങൾ കടത്തിവിടണമെന്ന് സ്ഥലത്തെ ചില പ്രമാണികൾ വരെ വിളിച്ച് തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ വെട്ടിൽ വീഴാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. പാലത്തിനു പ്രശ്നങ്ങളൊന്നുമില്ലെന്നു വരുത്തി തീർത്തു കേസുകളിൽ പെട്ടവരെ രക്ഷപെടുത്താനുള്ള ചിലരുടെ നീക്കമാണു നിർദേശത്തിനു പിന്നിൽ. കേസ് അതിന്റെ വഴിക്കു നടക്കുമെന്നും മന്ത്രി പറഞ്ഞു.

പാലാരിവട്ടം മേൽപാലം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ഐഐടിയുടെ അന്തിമ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു ലഭിച്ചിട്ടുണ്ട്. ഒന്നര മാസം വൈകിയാണു റിപ്പോർട്ട് ലഭിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 16ന് റിപ്പോർട്ട് സംബന്ധിച്ചു ചർച്ച നടത്തി തുടർനടപടി സ്വീകരിക്കും. ഐഐടി വിദ്ഗധരും ഇ. ശ്രീധരനും പങ്കെടുക്കും.

സംസ്ഥാന സർക്കാരിന്റെ ചെലവിലാണു വൈറ്റിലയിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങളുടെ നിർമാണം നടക്കുന്നത്. പാലം പണിയുടെ ഭാഗമായി സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. ഇന്റർലോക്ക് കട്ടകൾ പാകുന്ന ജോലികൾ നടക്കുകയാണ്. ടൈലുകൾക്കു പുറമേ കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ചും അറ്റകുറ്റപ്പണി നടത്താൻ നിർദേശിച്ചിട്ടുണ്ട്. പണികൾ വിലയിരുത്താൻ ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ കെ.അശോക് കുമാർ‍, റോഡ് വിഭാഗം ചീഫ് എൻജിനീയർ ഡാർളിൻ കർമലീറ്റ ഡിക്രൂസ്, സൂപ്രണ്ടിങ് എൻജിനീയർമാർ , എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

വൈറ്റിലയിലും കുണ്ടന്നൂരിലും ജംക്‌ഷനുകളിൽ അറ്റകുറ്റപ്പണി തീരുന്ന മുറയ്ക്കു വശങ്ങളിൽ ലഭ്യമായ മുഴുവൻ സ്ഥലവും കോൺക്രീറ്റ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. സർവീസ് റോഡുകളുടെ വികസിപ്പിക്കേണ്ടതു ദേശീയപാത അതോറിറ്റിയാണ്. വാഹനത്തിരക്ക് മൂലം പകൽ അറ്റകുറ്റപ്പണി നടക്കുന്നില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റോഡ് നന്നാക്കാമായിരുന്നെങ്കിലും ഒരുമിച്ചു ചെയ്യാൻ ഇരുന്നതാണു കാര്യങ്ങൾ വഷളാക്കിയത്. വാട്ടർ അതോറിറ്റിയുടെ പണി കാരണമാണു മിക്ക റോഡുകളും തകർന്നിരിക്കുന്നത്. വകുപ്പിനു കരാറുകാരുടെ മേൽ നിയന്ത്രണമില്ല. തമ്മനത്തു കുളം കുഴിച്ച പോലെയാണു റോഡ് കിടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *