മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു

ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽ രമണി രാജിവച്ചു. മേഘാലയ ഹൈക്കോടതിയിലേക്കുള്ള സ്ഥലം മാറ്റം പുനഃപരിശോധിക്കണമെന്ന അപേക്ഷ സുപ്രീം കോടതി കൊളീജിയം തള്ളിയതിനെ തുടർന്നാണ് തീരുമാനം. വെള്ളിയാഴ്ചയാണ് രാജി സമർപ്പിച്ചുകൊണ്ടുള്ള കത്ത് താഹിൽ രമണി രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അയച്ചത്. താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകർ സുപ്രീം കോടതിക്കു കത്തയച്ചിരുന്നു. എന്നാൽ കൊളീജിയം ഇതു തള്ളുകയായിരുന്നു.

വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാൻ കൊളീജിയം തീരുമാനിച്ചത്. മേഘാലയ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എ.കെ.മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും മാറ്റി. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽ രമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു മാറ്റിയതു ചർച്ചയായിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ 75 ജഡ്ജിമാരുള്ളപ്പോൾ മേഘാലയയിൽ 3 പേർ മാത്രം.

മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു ജസ്റ്റിസ് താഹിൽ രമണിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. ബോംബൈ ഹൈക്കോടതിയിലായിരിക്കെ, 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽകീസ് ബാനു കൂട്ട പീഡനക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവു ശരിവച്ചിരുന്നു. ഇതേ കേസിൽ അഞ്ചു പൊലീസുകാരും രണ്ടു ഡോക്ടർമാരുമുൾപ്പെടെ ഏഴു പേരെ കുറ്റവിമുക്തരാക്കിയ കീഴ്കോടതി വിധി അവർ റദ്ദാക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *