ടൈറ്റാനിയം കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാരിന്റെ ശുപാർശ

തിരുവനന്തപുരം: ടൈറ്റാനിയം കേസ് സിബിഐയ്ക്കു വിടാൻ സംസ്ഥാന സർക്കാരിന്റെ ശുപാർശ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ആരോപണ വിധേയരായ കേസാണിത്. ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യനിർമാർജന പ്ലാന്റ് നിർമിച്ചതിൽ അഴിമതി നടത്തിയെന്നാണു പരാതി.

ഏത് ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെയെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ടൈറ്റാനിയം മുൻ ചെയർമാൻ ടി. ബാലകൃഷ്ണനും കേസിൽ പ്രതിയാണ്. മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള 256 കോടി രൂപയുടെ കരാറിൽ 66 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണു കേസ്‍. 2006ൽ ആണ് സംഭവത്തിൽ ആരോപണം ഉയർന്നതും വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയതും.

കേസ് അന്വേഷിച്ച വിജിലൻസ് ഇന്റർപോളിന്റെയുൾപ്പെടെ സഹായം തേടിയിരുന്നു. ബ്രിട്ടനിലെ വിഎ ടെക് വെബാഗ്, എവിഐ യൂറോപ്പ്, ഫിൻലൻഡിലെ കെമടോർ എക്കോ പ്ലാനിങ് എന്നീ കമ്പനികൾ വഴിയാണു യന്ത്രങ്ങൾ വാങ്ങിയത്. ഇവയുടെ യഥാർഥ വിലയും കമ്മിഷനായി നൽകിയ തുകയും അറിയിക്കണമെന്ന ആവശ്യവുമായാണ് ഇന്റർപോളിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *