കശ്മീർ: രാജ്യാന്തര കോടതിയില്‍ ഉന്നയിക്കുന്നതിനുള്ള തെളിവില്ലെന്ന് പാക്ക് അഭിഭാഷകൻ

ഇസ്‌ലാമാബാദ്:  കശ്മീര്‍ വിഷയം രാജ്യാന്തര നീതിന്യായ കോടതിയില്‍ (ഐസിജെ) ഉന്നയിക്കാനുള്ള പാക്ക് നീക്കത്തിന് തിരിച്ചടി. ജമ്മുകശ്മീരില്‍ വംശഹത്യ നടക്കുന്നുവെന്ന പാക്കിസ്ഥാന്റെ വാദത്തിനു തെളിവുകളില്ലെന്ന് പാക്കിസ്ഥാനിലെ പ്രമുഖ അഭിഭാഷകനായ ഖവര്‍ ഖുറേഷി പറഞ്ഞു. ഒരു സ്വാകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഖുറേഷി നിലപാടു വ്യക്തമാക്കിയത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഖുറേഷി പറഞ്ഞു.

കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാനു വേണ്ടി ഐസിജെയിൽ ഹാജരായത് ഖവർ ഖുറേഷിയായിരുന്നു. യുഎന്‍ രക്ഷാസമിതിയില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ കശ്മീര്‍ വിഷയം ഐസിജെയിൽ ഉന്നയിക്കാന്‍ പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് ഖുറേഷിയുടെ പ്രതികരണം. കശ്മീര്‍ വിഷയം രാജ്യാന്തര നീതിന്യായ കോടതിയില്‍ ഉന്നയിക്കുമെന്ന് പാക്കിസ്ഥാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര വേദികളില്‍ ഉന്നയിക്കാനും ശ്രമമുണ്ടായിരുന്നു.

നേരത്തെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള രാഷ്ട്രതലവന്‍മാരെ കണ്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിഷയത്തില്‍ പിന്തുണ നേടിയിരുന്നു. മധ്യസ്ഥത വഹിക്കാൻ തയാറാണെന്നു ട്രംപ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ജി–8 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയ്ക്കിടെ കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നു യുഎസ് പ്രസിഡന്റ് അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *