കുൽഭൂഷൺ ജാദവ് കടുത്ത സമ്മർദത്തിലെന്ന് ഇന്ത്യ

ന്യൂഡൽഹി: പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷൺ ജാദവ് കടുത്ത സമ്മർദത്തിലാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാന് അനുകൂലമായ മൊഴി നൽകുന്നതിനാണ് സമ്മർദം. സ്വയം ചാരനാണെന്നു സമ്മതിച്ച് പ്രസ്താവന നൽകാൻ കുൽഭൂഷനെ പാക്കിസ്ഥാൻ നിർ‌ബന്ധിച്ചുവെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

നയതന്ത്ര സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗൗരവ് അലുവാലിയ കുല്‍ഭൂഷനെ കണ്ടിരുന്നു. ഇരുവരും രണ്ടുമണിക്കൂറോളം സംസാരിച്ചതിന്റെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് രവീഷ് കുമാറിന്റെ പ്രതികരണം. കുൽഭൂഷൻ യാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന രാജ്യാന്തര നീതിന്യായ കോടതി വിധി വന്ന് ആഴ്ചകൾക്കു ശേഷമാണു കുല്‍ഭൂഷനെ കാണാന്‍ ഇന്ത്യൻ പ്രതിനിധിക്ക് അനുമതി ലഭിച്ചത്.

പാക്ക് സബ് ജയിലില്‍ വച്ചായിരുന്നു ഗൗരവ് അലുവാലിയയും കുൽഭൂഷനും തമ്മിലുള്ള കൂടിക്കാഴ്ചയെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടതി വിധിയനുസരിച്ച് കഴിഞ്ഞ മാസം ആദ്യം ജാദവിന് നയതന്ത്ര സഹായം നൽകാൻ പാക്കിസ്ഥാന്‍ അനുവദിച്ചെങ്കിലും മുന്നോട്ടുവച്ച വ്യവസ്ഥകൾ ഇന്ത്യ അംഗീകരിച്ചില്ല. കൂടിക്കാഴ്ച നടക്കുന്ന മുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഒരു പാക്ക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്നുമായിരുന്നു വ്യവസ്ഥകള്‍. നയതന്ത്ര ഉദ്യോഗസ്ഥനിൽ നിന്നു വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം രാജ്യാന്തര നീതിന്യായ കോടതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായ തുടർനടപടികൾ തീരുമാനിക്കുമെന്നു രവീഷ് കുമാർ അറിയിച്ചു. ചാരവൃത്തി ആരോപിച്ചാണ് മുൻ നാവികസേനാ ഓഫിസറായ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. എന്നാൽ വ്യാപാരത്തിന് ഇറാനിൽ പോയ ജാദവിനെ തട്ടിക്കൊണ്ടുപോയി, കുറ്റം കെട്ടിച്ചമച്ചുവെന്നാണ് ഇന്ത്യയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *