ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന് പാകിസ്ഥാന്‍

ഇസ്‍ലാമാബാദ് : പാക്കിസ്ഥാൻ ആദ്യം ആണവായുധം  ഉപയോഗിക്കില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ലഹോറിൽ സിഖ് സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാന്‍. ആണവായുധം ‘ആദ്യം പ്രയോഗിക്കില്ല’ എന്ന നയം തുടരുമ്പോഴും സാഹചര്യങ്ങൾക്ക് അനുസരിച്ച് ആണവായുധ ഉപയോഗ നയത്തിൽ മാറ്റം വരാമെന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു.

മ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ തുടർന്ന് ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ വാക്പോര് രൂക്ഷമായതിനിടെയാണ് ഇമ്രാൻ ഖാന്റെ പ്രസ്താവന. ‘ഇന്ത്യയും പാക്കിസ്ഥാനും ആണവായുധ ശേഷിയുള്ള രാജ്യങ്ങളാണ്. സ്ഥിതി കൂടുതൽ വഷളായാൽ ലോകം അപകടത്തിലാകും. പാക്കിസ്ഥാൻ ആദ്യം ആണവായുധം ഉപയോഗിക്കില്ല.’ – ഇമ്രാൻ ഖാൻ പറഞ്ഞു.

ഇന്ത്യ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയ രാജസ്ഥാനിലെ പൊഖ്റാനിൽ ഓഗസ്റ്റ് 16–നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നിർണായക പ്രസ്താവന. ‘ഇന്ത്യ ആണവശക്തിയുള്ള രാജ്യമാണ്. ആദ്യം പ്രയോഗിക്കില്ല എന്ന പ്രമാണമാണു രാജ്യത്തിനുള്ളത്. ഇതുവരെയും ആ പ്രമാണം മുറുകെപ്പിടിച്ചിട്ടുണ്ട്. ഭാവിയിൽ ഇങ്ങനെത്തന്നെയാകുമോ എന്നു പറയാനാകില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് ആണവനയത്തിൽ മാറ്റം വരാം’– രാജ്നാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *