വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ജയം

കിംഗ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യക്ക് ടെസ്റ്റ് പരന്പര ജയം (2^0). രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 257 റൺസിന് ജയിച്ചു. വിന്‍ഡീസിനെ രണ്ടാം ഇന്നിംഗ്സില്‍ 210 റൺസിന് പുറത്താക്കി. 423 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് നാലാം ദിനം 210 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പൊരുതാതെ കീഴടങ്ങിയപ്പോള്‍ വിന്‍ഡീസ് കനത്ത തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും മധ്യനിരയില്‍ ഷമ്രാ ബ്രൂക്സും(44), ജെറമൈന്‍ ബ്ലാക്‌വുഡും(38) നടത്തിയ പോരാട്ടം ഇന്ത്യന്‍ വിജയം വൈകിപ്പിച്ചു.

സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സിലെത്തിയപ്പോഴെ വിന്‍ഡീസിന്  ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ ഇഷാന്ത് ശര്‍മ,  ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചു. 16 റണ്‍സെടുത്ത ജോണ്‍ കാംപ്‌ബെല്ലിനെ ഷമിയും മടക്കിയതോടെ വിന്‍ഡീസ് 37/2 ലേക്ക് വീണു.

കഴിഞ്ഞ ദിവസം ബുമ്രയുടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ട് പരുക്കേറ്റ ഡാരന്‍ ബ്രാവോ(23) ബാറ്റിംഗ് തുടരാനാവാതെ മടങ്ങിയതോടെ കണ്‍കഷന്‍ നിയമപ്രകാരം പകരക്കാരനായി ജെറമൈന്‍ ബ്ലാക്‌വുഡ് വിന്‍ഡീസിനായി ബാറ്റിംഗിനിറങ്ങി. റോസ്റ്റണ്‍ ചേസിനെ(12) ജഡേജയും ഹെറ്റ്മെയറെ(1) ഇഷാന്തും വീഴ്ത്തിയതോടെ വിന്‍ഡീസ് വീണ്ടും കനത്ത തോല്‍വി വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും അഞ്ചാം വിക്കറ്റില്‍ ബ്രൂക്സ് -ബ്ലാക്‌വുഡ് സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിന്‍ഡീസ് സ്കോറിന് അല്‍പം മാന്യത നല്‍കി.

ബ്ലാക്‌വുഡിനെ ഋഷഭ് പന്തിന്റെ കൈകകളിലെത്തിച്ച ബുമ്രയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 35 ബോളില്‍ 39 റണ്‍സുമായി കളിച്ച ജെയ്സന്‍ ഹോള്‍ഡറിന്‍റെ വിക്കറ്റാണ് അവസാനം നഷ്ടമായത്. ഹോള്‍ഡറിന് ശേഷമിറങ്ങിയ ജഹ്മര്‍ ഹാമിള്‍ട്ടണ്‍, റാക്കീം കോണ്‍വാള്‍, കെമര്‍ റോച്ച് എന്നിവര്‍ക്ക് രണ്ടക്കം  കടക്കാന്‍ സാധിച്ചില്ല.  ജഡേജയും ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *