പാലാരിവട്ടം പാലം അഴിമതി കേസില്‍പെട്ട കമ്പനിക്ക് കെഎസ്ടിപി 221 കോടിയുടെ കരാര്‍ നൽകി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിസ്ഥാനത്തുള്ള കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സിന് കെഎസ്ടിപിയുടെ റോഡ് നിര്‍മ്മാണത്തിനുള്ള കരാറിന് വഴിയൊരുങ്ങുന്നു. 221 കോടിയുടെ കരാര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്.

കെഎസ്ടിപിയുടെ പുനലൂര്‍ – കോന്നി റോഡ് നിര്‍മ്മാണത്തിനുള്ള കരാര്‍ നടപടികളാണ് പുരോഗമിക്കുന്നത്. ആര്‍ ഡിഎസ് പ്രോജക്ടാണ് ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. 22 കി മീ ദൈര്‍ഘ്യമുള്ള കെഎസ്ടിപി റോ‍ഡ് നിര്‍മ്മാണത്തിനായി 221 കോടിക്കാണ് കമ്പനി കരാറെടുക്കാന്‍ ഉദ്ദേശിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതിനുള്ള കെഎസ്ടിപി സ്റ്റിയറിംഗ് കമ്മറ്റി ബുധനാഴ്ച ചേരും.

ചീഫ് സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയാണ് കരാറിന് അന്തിമ അംഗീകാരം നല്‍കുക. കെഎസ്ടിപിയുടെ കാസർകോട്- കാഞ്ഞങ്ങാട്, പിലാത്തറ-പാപ്പിനിശ്ശേരി റോഡ് പദ്ധതികള്‍ നടപ്പാക്കിയത് ഇതേ കമ്പനിയാണ്. പാലാരിവട്ടം കേസില്‍ പ്രതിസ്ഥാനത്തുണ്ടെങ്കിലും ആര്‍ഡിഎസ് പ്രോജക്ട്സിനെ ഇതുവരെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കമ്പനിക്ക് കരാര്‍ നല്‍കേണ്ടി വരുമെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *