കശ്മീരിലെ മാറ്റങ്ങള്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്യും: രാഷ്ട്രപതി

ന്യൂഡൽഹി: ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചത് മേഖലയ്ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.

ജമ്മുകശ്‌മീരിലും ലഡാക്കിലും കൊണ്ടുവന്ന മാറ്റങ്ങൾ മേഖലയിൽ ഒരുപാട് പ്രയോജനം ചെയ്യുമെന്നുറപ്പാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം, വിവരാവകാശം, ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, മുത്തലാഖ് നിരോധന നിയമം തുടങ്ങി മറ്റു സംസ്ഥാനങ്ങളിലുള്ളവരുടേതിന് സമാനമായ അവകാശങ്ങളും അംഗീകാരങ്ങളും ലഭ്യമാകും. പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ദീർഘവും ഫലപ്രദവുമായിരുന്നു. ക്രിയാത്മക ചർച്ചകളിലൂടെയും രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെയും നിരവധി സുപ്രധാന ബില്ലുകളാണ് പാസാക്കിയത്. അടുത്ത അഞ്ചുവർഷത്തേക്കുള്ള സൂചന മാത്രമാണിതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.

വേഗത്തലുള്ള വികസനവും സുതാര്യമായ ഭരണകൂടവും എല്ലാ ഇന്ത്യക്കാരും ഒരു പോലെ സ്വപ്‌നം കാണുന്നു. ജനങ്ങളുടെ കല്പനകൾ കേൾക്കുന്നതിലൂടെ അവരുടെ അഭിലാഷങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതു തിരഞ്ഞെടുപ്പിൽ പങ്കാളികളായ വോട്ടർമാരേയും അദ്ദേഹം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *