യുഎസിന്റെ ആവശ്യം തള്ളി; ഇറാൻ കപ്പൽ വിട്ടയ്ക്കാൻ കോടതി ഉത്തരവ്

ലണ്ടൻ ∙ ബ്രിട്ടിഷ് നാവികസേന പിടികൂടിയ ഇറാന്‍ എണ്ണക്കപ്പൽ ഗ്രേസ്–1 വിട്ടയയ്ക്കാൻ തീരുമാനം. ജിബ്രാൾട്ടർ സുപ്രീം കോടതിയുടേതാണ് ഇതു സംബന്ധിച്ച ഉത്തരവ്. കപ്പൽ വിട്ടയയ്ക്കരുതെന്നു കാണിച്ച് യുഎസ് നൽകിയ ഹർജി കോടതി തള്ളി. കപ്പൽ വിട്ടുനൽകണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കുന്നതായും കപ്പൽ ഇനിയും പിടിച്ചുവയ്ക്കേണ്ട ആവശ്യമില്ലെന്നും ജിബ്രാൾട്ടർ ചീഫ് മിനിസ്റ്റർ കോടതിയെ അറിയിച്ചു.

കഴിഞ്ഞ മാസം 4–നാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഗ്രേസ് 1 എണ്ണക്കപ്പൽ ബ്രിട്ടൻ ജിബ്രാൾട്ടർ കടലിടുക്കിൽ വച്ചു പിടിച്ചെടുത്തത്. കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ബ്രിട്ടന്റെ നടപടിക്കു പിന്നാലെ ബ്രിട്ടിഷ് കപ്പലായ സ്റ്റെന ഇംപറോ ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്തിരുന്നു. ഇറാൻ കപ്പൽ വിട്ടയക്കാനുള്ള തീരുമാനം സ്റ്റെന ഇംപറോയുടെ മോചനത്തിനു ഗുണകരമാവുമെന്നാണു കരുതുന്നതെന്നു കപ്പലിന്റെ ഉടമസ്ഥർ പറഞ്ഞു. നേരത്തേ, ഗ്രേസ് –1 കപ്പലിലുള്ള ഇന്ത്യക്കാരെ ബ്രിട്ടൻ മോചിപ്പിച്ചെന്നും ഇവര്‍ ഉടൻ മടങ്ങി വരുമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ സ്ഥരീകരിച്ചതായും വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചിരുന്നു. മൂന്നു മലയാളികളടക്കം 24 ഇന്ത്യക്കാരാണ് ഗ്രേസ് 1–ൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *