മഴ: മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ

തിരുവനന്തപുരം: പ്രളയത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷംരൂപ സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാവിലെ 9 മണിവരെ 95 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടുകള്‍ വാസയോഗ്യമല്ലാതായവര്‍ക്കും (70 ശതമാനത്തിന് മുകളില്‍), പൂര്‍ണമായി തകര്‍ന്നവര്‍ക്കും 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ 6 ലക്ഷവും ചേര്‍ത്ത് 10 ലക്ഷം രൂപ നല്‍കും.

ദുരന്ത ബാധിതര്‍ക്ക് 15 കിലോ അരി സൗജന്യമായി വിതരണം ചെയ്യും. മത്സ്യത്തൊഴിലാളികളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രളയ ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 10,000 രൂപ വരെ അടിയന്തര സഹായം നല്‍കും. കാലവര്‍ഷക്കെടുതി ബാധിച്ച മേഖലയിലെ കുടുംബങ്ങള്‍ക്കാണ് ഈ സഹായം ലഭിക്കുന്നത്. 1,118 ക്യാംപുകളിലായി 1,89,567 പേരാണ് കഴിയുന്നത്. ഉരുള്‍പൊട്ടലാണ് ഇത്തവണ കൂടുതല്‍ ദുരന്തം ഉണ്ടാക്കിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. 64 സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലാണ് മരണം ഉയര്‍ത്തിയത്. അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. ദുരന്തനിവാരണ നിയമം അനുസരിച്ച് വിജ്ഞാപനം ഇറക്കാന്‍ ദുരന്തനിവാരണ അതാറിറ്റിയെ ചുമതലപ്പെടുത്തി. പ്രളയ ജലം പ്രവേശിച്ച വീടുകളും, 15 ശതമാനം മുതല്‍ 100 ശതമാനം വരെ തകര്‍ച്ച നേരിട്ട വീടുകളുണ്ട്. പ്രകൃതി ദുരന്ത സാധ്യത കണക്കാക്കി മുന്നറിയിപ്പിന്റെ ഭാഗമായി ക്യാംപുകളില്‍ താമസമാക്കിയവരുണ്ട്. ഇവരുടെ കണക്കുകള്‍ കൃത്യമായി പരിശോധിക്കും. വില്ലേജ് ഓഫിസര്‍, തദ്ദേശ സ്ഥപനത്തിലെ സെക്രട്ടറി എന്നിവര്‍ പരിശോധിച്ച് ധനസഹായത്തിന് അര്‍ഹമായ വീടുകള്‍ കണ്ടെത്തും.

ഇത്തവണത്തെ പ്രളയത്തിലും കൃഷിനാശം വന്നു, റോഡുകള്‍ തകര്‍ന്നു. ഇതിനെല്ലാം കഴിഞ്ഞ പ്രളയ സമയത്തു നല്‍കിയതുപോലുള്ള ദുരിതാശ്വാസം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കൈമാറുന്നതിന് ബാങ്കുകള്‍ കമ്മിഷന്‍ ഈടാക്കുന്നുണ്ട്. അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുക ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ദുരിത ബാധിതരുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. പ്രളയ ബാധിതര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കാനും, വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടപരിഹാരം നല്‍കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാനും സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇ.പി.ജയരാജന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ.ചന്ദ്രശേഖരന്‍ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്.

ധനസഹായം ലഭിക്കുന്നതിന് കേന്ദ്രത്തിനു മെമ്മോറാണ്ടം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കാനും മന്ത്രിസഭ തീരുമാനിച്ചു. എഎവൈ വിഭാഗത്തിന് 35 കിലോ അരി സൗജന്യമായി ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അവരൊഴികെയുള്ള, കാലവര്‍ഷം ബാധിച്ച കുടുംബത്തിനാണ് 15 കിലോ അരി നല്‍കുന്നത്.

കഴിഞ്ഞ തവണത്തെ പ്രളയത്തില്‍നിന്ന് കരകയറാന്‍ 31,000 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. ഈ വര്‍ഷം ദുരന്തമുണ്ടായതോടെ കൂടുതല്‍ തുക കണ്ടെത്തേണ്ടിവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രളയ ബാധിതര്‍ക്കുവേണ്ടി ജനങ്ങള്‍ നല്‍കിയ സംഭാവന അതിനുവേണ്ടി മാത്രം ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2276.40 കോടി രൂപയാണ് ഇതുവരെ ദുരിതാശ്വാസനിധിയില്‍നിന്ന് ചെലവഴിച്ചത്. സര്‍ക്കാര്‍ എല്ലാ വര്‍ഷവും ബജറ്റില്‍നിന്ന് ദുരിതാശ്വാസനിധിയിലേക്ക് പണം മാറ്റി വയ്ക്കാറുണ്ട്. അതാണ് ചികില്‍സാ ചെലവ് അടക്കമുള്ള കാര്യങ്ങള്‍ക്ക് നല്‍കുന്നത്.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഇത്തരത്തില്‍ പണം ചെലവഴിച്ചിട്ടുണ്ട്. ഇതൊന്നും പ്രളയവുമായി കൂട്ടികെട്ടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിന്റെ പണം പ്രളയത്തിനായി തന്നെ ചെലവഴിക്കും. ദുരിതാശ്വാസ നിധി ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഇട്ടെന്നാണ് മറ്റൊരു ആരോപണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇതിനു മറുപടി കിട്ടും. കഴിഞ്ഞ തവണ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ പണം പൂര്‍ണമായി ചെലവാക്കിയില്ലെന്നാണ് മറ്റൊരു ആരോപണം. ഒറ്റയടിക്ക് പണം നല്‍കുകയല്ല ചെയ്യുന്നത്. ഉദാഹരണമായി വീട് നിര്‍മാണം പൂര്‍ത്തിയാകുന്ന ഘട്ടമനുസരിച്ചാണ് പണം നല്‍കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

വാഹനാപകടത്തില്‍ മരണമടഞ്ഞ കെ.എം.ബഷീറിന്റെ 2 മക്കള്‍ക്കും മാതാവിനും 2 ലക്ഷം രൂപ വീതം നല്‍കും. ബഷീറിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കും

Leave a Reply

Your email address will not be published. Required fields are marked *