മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ വകുപ്പ്‌ ; മഴക്കെടുതികളിൽ ആകെ മരണം 89

തിരുവനന്തപുരം:  സ്ഥാനത്ത് മഴക്കെടുതികളിൽ ആകെ മരണം 89 ആയി. ഉരുൾപൊട്ടലുണ്ടായ മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ ആറും കോട്ടക്കുന്നിൽ ഒന്നും മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെടുത്തു. കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 19 ആയി. കാണാതായ 63 പേരിൽ നാലു പേർ തിരിച്ചെത്തിയതോടെ 59 പേർ അപകടത്തിൽപ്പെട്ടെന്നാണ് പുതിയ കണക്ക്. ബാക്കിയുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. കവളപ്പാറയുടെ സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും തുടരുകയാണ്. വയനാട് മേപ്പാടി പുത്തുമലയിൽ തിരച്ചിൽ തുടർന്നെങ്കിലും കാണാതായ ഏഴുപേരെക്കുറിച്ചും വിവരമില്ല. സംസ്ഥാനത്താകെ 1326 ക്യാംപുകളിലായി 2,50,638 ആളുകളുണ്ട്.

വയനാട്ടിലെ നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷ്യവിഷബാധ. കുട്ടികള്‍ അടക്കമുള്ള 30ഓളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇതു പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട്. ഒരിടത്തും റെഡ് അലർട്ടില്ല. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങൾ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ മഴ തീവ്രമാകില്ലെന്നാണ് വിദഗ്ധാഭിപ്രായം. മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. കേരളത്തിനു മുകളില്‍നിന്നു കനത്ത മേഘാവരണം മാറുന്നതായാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിരീക്ഷണം

Leave a Reply

Your email address will not be published. Required fields are marked *