മഴക്കെടുതികളിൽ ഇന്നലെ മാത്രം 33 പേർ മരിച്ചു; ഉരുൾപൊട്ടൽ വ്യാപകം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയതുല്യമായ ദുരിതം വിതച്ച് തുടരുന്ന മഴക്കെടുതികളിൽ ഇന്നലെ മാത്രം 33 പേർ മരിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 44 ആയി. വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ അകപ്പെട്ടവരിൽ ഒൻപതു പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾ ആശുപത്രിയിൽ മരിച്ചു. മലയുടെ ഒരു ഭാഗം കുത്തിയൊലിച്ചുണ്ടായ ദുരന്തത്തിൽ മുപ്പതോളം പേരെ കാണാതായി. തോരാമഴയിൽ രക്ഷാപ്രവർത്തനം അസാദ്ധ്യമായതോടെ ദുരന്തനിവാരണ സേനയുടെയും സൈന്യത്തിന്റെയും തിരച്ചിൽ ഇന്നലെ വൈകിട്ടോടെ നിറുത്തി.

വയനാട്ടിൽ വ്യാഴാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ഇന്നലെയും തുടരുന്നതിനിടെ,​ മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ സമാനമായ രീതിയിൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ ഒൻപതു പേരുടെ മരണം സ്ഥിരീകരിച്ചു. നൂറ്റിമുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഉരുൾപൊട്ടലിൽ നൂറ് ഏക്കറോളം സ്ഥലവും 41 വീടുകളും പൂർണമായും ഒലിച്ചുപോയി.

നത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് റോഡ്,​ ട്രെയിൻ,​ വ്യോമ ഗതാഗതം താറുമാറായി. നെടുമ്പാശേരി വിമാനത്താവളം നാളെ ഉച്ചവരെ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്ന് ഇന്നു പുറപ്പെടേണ്ട പന്ത്രണ്ടു വിമാനങ്ങൾ തിരുവനന്തപുരത്തു നിന്നായിരിക്കും പുറപ്പെടുക. കൊച്ചി നാവികസേനാ വിമാനത്താവളത്തിലും യാത്രാവിമാനങ്ങൾക്കായി അടിയന്തര സൗകര്യമൊരുക്കിയിരുന്നു. സംസ്ഥാനത്ത് റെയിൽ ഗതാഗതം പാടെ തടസപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ ഇന്നലെ വൈകിട്ടോടെ നിർത്തിവച്ചു. ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്നു രാവിലെ വരെ നിർത്തിയിരിക്കുകയാണ്.

മഴ ശക്തമായി തുടർന്നാൽ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് ഏതു നിമിഷവും തുറന്നേക്കുമെന്ന് വൈദ്യുതി ബോർഡ് മുന്നറിയിപ്പു നൽകി. വെള്ളം മൂന്നര മീറ്റർ കൂടി ഉയർന്നാൽ ഡാമിന്റെ സംഭരണ ശേഷി കവിയും. ഇടുക്കി,​ എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, വയനാട്,​ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു നടക്കേണ്ടിയിരുന്ന ആലപ്പുഴ നെഹ്രുട്രോഫി വള്ളംകളി വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിവച്ചു

Leave a Reply

Your email address will not be published. Required fields are marked *