ഡാമുകളിലെ ജലനിരപ്പ് സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  മഴ ശക്തമായ സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വൈദ്യുതി ബോർഡിന്റെ പ്രധാന ഡാമുകളിൽ 34% വെള്ളമായി. ഇന്നലെ 34.4 കോടി യൂണിറ്റിന്റെ നീരൊഴുക്കു ലഭിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന നീരൊഴുക്കാണിത്. കുറ്റ്യാടി, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നു. ഇടുക്കിയിൽ ഇപ്പോൾ 32% വെള്ളമേയുള്ളൂ. പമ്പ 50%, കക്കി 25%, ഷോളയാർ 40%, ഇടമലയാർ 40%, ബാണാസുര സാഗർ 78% എന്നിങ്ങനെയാണു ജലനിരപ്പ്. ബാണാസുര സാഗർ ഡാം ഏതു നിമിഷവും തുറക്കും. വൈദ്യുതി ബോർഡിന്റെ ഏഴും ജലവിഭവ വകുപ്പിന്റെ ആറും ഡാമുകൾ തുറന്നിട്ടുണ്ട്. ബോർഡിന്റെ ചെറിയ ഡാമുകളാണു നിറഞ്ഞത്. ‌

പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ശബരിഗിരി പദ്ധതിയിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം പൂർണമായും നിർത്തി. ശബരിഗിരി പദ്ധതിയിൽ 29% ജലം മാത്രമേയുള്ളതിനാൽ ഇനിയും ജലം സംഭരിക്കാം. മണിയാർ തടയണയുടെ 5 ഷട്ടറുകൾ തുറന്നു. കൊച്ചു പമ്പ ഡാമിൽ 974.6 മീറ്ററും, കക്കിയിൽ 952.65 മീറ്ററുമാണ് ജല നിരപ്പ്.

ഇടുക്കി അണക്കെട്ടിൽ ഇന്നലത്തെ ജലനിരപ്പ് 2333.12 അടി (710.074 മീറ്റർ). കഴിഞ്ഞ വർഷം ഇതേ സമയത്തെ ജലനിരപ്പ് – 2398.40 അടി (731.032 മീറ്റർ). മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്നലത്തെ ജലനിരപ്പ് –125.2 അടി (38.16 മീറ്റർ); കഴിഞ്ഞ വർഷം ഇതേ സമയത്ത് 133.60 അടി (40.72 മീറ്റർ).

തമിഴ്നാടിന്റെ അപ്പർ ഷോളയാർ ഡാം അതിവേഗം നിറയുകയാണ്. അതു തുറന്നു വിട്ടാൽ ഷോളയാർ വഴി പെരിങ്ങൽകുത്തിൽ വെള്ളം എത്തുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *