ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: കീർത്തി സുരേഷ് മികച്ച നടി

ന്യൂഡൽഹി: 2018ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളി താരം കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.  ആദ്യകാല നടി സാവിത്രിയുടെ ജീവിതം ‘മഹാനടി’ എന്ന തെലുങ്ക് സിനിമയിലെ ഉജ്ജ്വല പ്രകടനത്തിലൂടെ അവിസ്‌മരണീയമാക്കിയതിലൂടെയാണ് കീര്‍ത്തി അവാര്‍ഡ് സ്വന്തമാക്കിയത്.
ബോളിവുഡ് സിനിമകളായ അന്ധാ ധുനിലെ മികവിന് ആയുഷ്‌മാൻ ഖുറാനയും ഉറി ദ സർജിക്കൽ സ്ട്രൈക്കിലെ മികവിന് വിക്കി കൗശലും മികച്ച നടനുള്ള ദേശീയപുരസ്കാരം പങ്കിട്ടു. ആദിത്യ ധർ ( ഉറി ദ സർജിക്കൽ സ്‌ട്രൈക്ക് ) ആണ് മികച്ച സംവിധായകൻ. അഭിഷേക് ഷാ സംവിധാനം ചെയ്‌ത ഹെല്ലാരോ (ഗുജറാത്തി ) ആണ് മികച്ച ചിത്രം.

സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’യാണ് മികച്ച മലയാള ചിത്രം. ഷാജി. എൻ. കരുണിന്റെ ‘ഓള്’ എന്ന ചിത്രം അന്തരിച്ച കാമറാമാൻ എം.ജെ.രാധാകൃഷ്ണന് മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നേടിക്കൊടുത്തു. ജോജു ജോർജ് ( ജോസഫ് ), സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ), ശ്രുതി ഹരിഹരൻ ( നാതിചരാമി – കന്നഡ ) എന്നിവർക്ക് പ്രത്യേക പരാമർശം. കമ്മാരസംഭവത്തിന് ബംഗ്ലൻ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള പുരസ്‌കാരം നേടി. അന്തരിച്ച സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ മകൻ എം.ആർ രാജാകൃഷ്ണൻ ഓഡിയോഗ്രഫി വിഭാഗത്തിൽ മികച്ച റീ റെക്കാർഡിസ്റ്റിനുള്ള പുരസ്കാരം നേടി.( രംഗസ്ഥലം – തെലുങ്ക്).

 

Leave a Reply

Your email address will not be published. Required fields are marked *