ശ്രീറാം മദ്യപിച്ചിരുന്നുവെന്ന മൊഴിയില്‍ ഉറച്ച്‌ ആദ്യം പരിശോധിച്ച ഡോക്ടർ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീർ മരിച്ച സംഭവത്തിൽ മ്യൂസിയം സിഐയുടേയും എസ്ഐയുടേയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിനെ പരിശോധിക്കുകയും മദ്യത്തിന്റെ അംശമുണ്ടെന്നു റിപ്പോര്‍ട്ട് എഴുതുകയും ചെയ്ത ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. ശ്രീറാമിനൊപ്പം അപകടവേളയിൽ കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും.

കേസിലെ നിര്‍ണായ മൊഴിയാണ് ആദ്യം പരിശോധിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടേത്. മദ്യത്തിന്റെ മണമുണ്ട് എന്ന് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയ ഡോക്ടര്‍ പുതിയ അന്വേഷണ സംഘത്തിന് മുമ്പിലും ശ്രീറാം മദ്യപിച്ചിരുന്നുവെന്ന മൊഴിയില്‍ ഉറച്ചു നിന്നു. ഈ മൊഴി ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ അടക്കം പ്രധാനമാണ്.

അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കവടിയാറില്‍നിന്നുള്ള ശ്രീറാമിന്റെ യാത്രയുടെ തുടക്കം മുതലുള്ള കാര്യങ്ങള്‍ പരിശോധിക്കും. സൈബര്‍ വിദഗ്ധരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തും. ശ്രീറാം എവിടെനിന്നാണ് കവടിയാറുള്ള പാര്‍ക്കിന്റെ ഭാഗത്തേക്ക് വന്നത്, മദ്യപിച്ചത് എവിടെവച്ചാണ്, മദ്യപിക്കുന്ന സമയത്ത് ആരെല്ലാമാണ് കൂടെയുണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. ശ്രീറാമിന്റെ മൊബൈലില്‍നിന്ന് അപകടത്തിനു മുന്‍പും ശേഷവും പോയ ഫോണ്‍ കോളുകളും മ്യൂസിയം പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകളും പരിശോധിക്കും. വഫയുടെ മൊഴിയിലെ പൊരുത്തക്കേടുകളും അവരുടെ ഫോണ്‍ രേഖകളും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ക്രമസമാധാനപാലനചുമതലയുള്ള എഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ക്രൈംബ്രാഞ്ച് എസ്പി എ.ഷാനവാസ്, തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷീന്‍ തറയില്‍, വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ. അജി ചന്ദ്രന്‍ നായര്‍, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഇന്‍സ്പെക്ടര്‍ എസ്.എസ്. സുരേഷ് ബാബു എന്നിവരാണ് സംഘത്തിൽ. ഷീന്‍ തറയില്‍ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍.

 

Leave a Reply

Your email address will not be published. Required fields are marked *