സംസ്ഥാനത്തെ 7 ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ 7 ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ചില സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. പ്രളയത്തിലും ഉരുൾ പൊട്ടലിലും വയനാട് ഒറ്റപ്പെട്ടു. കാസർകോട് ജില്ലയിൽ തേജസ്വിനി പുഴയുടെ കൈവഴികൾ കര കവിഞ്ഞു മുനയൻ കുന്നിലെ 25 കുടുംബങ്ങൾ ഒറ്റപ്പെട്ടു.

കോട്ടയം ജില്ലയിൽ മീനച്ചിൽ, മണിമല, അഴുത നദികൾ പല സ്ഥലങ്ങളിലും കര കവി‍ഞ്ഞു. പാലായിലും മുണ്ടക്കയം വെള്ളം പൊങ്ങി. കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്നു. മലങ്കര ഡാമിന്റെ 6 ഷട്ടറുകൾ ഉയർത്തി. മൂവാറ്റുപുഴയാർ നിറഞ്ഞൊഴുകി. കൊച്ചി നഗരത്തിൽ കനത്ത മഴയിൽ ഇടറോഡുകളിൽ വെളളക്കെട്ട് രൂക്ഷമായി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വെളളത്തിനടിയിലായി. ഇടുക്കി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറി. പമ്പാനദി കരകവിഞ്ഞു പമ്പാ ത്രിവേണിയിലെ കടകളിൽ വെള്ളംകയറി.

കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ, അമ്പായത്തോട്, ശ്രീകണ്ഠപുരം ടൗണുകൾ ഒറ്റപ്പെട്ടു. കൊട്ടിയൂരിൽ ബാവലിപ്പുഴ കരകവിഞ്ഞ് കേളകം, കൊട്ടിയൂർ, കണിച്ചാർ, കുറ്റ്യാട്ടൂർ പാവന്നൂർകടവ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം. മട്ടന്നൂരിൽ മണ്ണൂർ, വെളിയമ്പ്ര എന്നിവിടങ്ങളിലും ഇരിട്ടിയിൽ വള്ളിത്തോട്, മാടത്തിൽ ടൗണുകളിലും വെള്ളപ്പൊക്കം. ചാലിയാർ പുഴ കരകവിഞ്ഞ് നിലമ്പൂർ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *