നെല്ല് സംസ്‌കരണത്തിന് ആറ്റിങ്ങലിൽ സൗകര്യമൊരുങ്ങുന്നു

നെല്ല് സംസ്‌കരണത്തിന് ആറ്റിങ്ങലിൽ സൗകര്യമൊരുങ്ങുന്നു

ആറ്റിങ്ങലിൽ നെല്ല് സംസ്‌കരണത്തിന് ആവശ്യമായ സൗകര്യമൊരുക്കാൻ തീരുമാനം. കരവാരത്തുള്ള നെല്ല് സംസ്‌കരണ കേന്ദ്രം പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാനും ജൈവകാർഷിക മണ്ഡലം നിർവഹണ സമിതി യോഗം തീരുമാനിച്ചു. തരിശു നിലങ്ങൾ ഏറ്റെടുത്തു നെൽക്കൃഷി വ്യാപകമാക്കിയതിനു പിന്നാലെയാണു മണ്ഡലത്തിൽ നെല്ല് സംസ്‌കരണത്തിന് വിപുലമായ സൗകര്യമേർപ്പെടുത്തുന്നത്.

മണ്ഡലത്തിലെ കാർഷിക പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനു ബി. സത്യൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം, നെല്ല് സംസ്‌കരണത്തിൽ നിലവിലുള്ള പോരായ്മകളെക്കുറിച്ചു ചർച്ച ചെയ്തു. മണ്ഡലത്തിലെ വിവിധ മേഖലകളിലെ കാർഷിക പുരോഗതി ലക്ഷ്യംവച്ച് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾക്കു രൂപം നൽകണമെന്ന് എം.എൽ.എ. പറഞ്ഞു. നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കുറവുകളും പരിഹരിക്കത്തക്ക വിധത്തിലാകണം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെൽകൃഷിക്കൊപ്പം പച്ചക്കറി കൃഷിയും മണ്ഡലത്തിൽ വ്യാപിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാനും തീരുമാനിച്ചു.

മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

(പി.ആർ.പി. 2475/2018)

കാലയ്ക്കോട്-മാവുവിള റോഡ് പുനർനിർമാണം തുടങ്ങി

കിളിമാനൂർ പഞ്ചായത്തിലെ വിലങ്ങറ വാർഡ് നിവാസികളുടെ സ്വപ്നമായ വട്ടപ്പാറ കാലയ്ക്കോട്-മാവുവിള റോഡിന്റെ പുനർനിർമാണ പ്രവർത്തികൾക്കു തുടക്കമായി. നവീകരണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.പി മുരളി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ റോഡ് നവീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശ്യം. തകർന്നു കിടന്ന റോഡ് പുനർനിർമിക്കുന്നതിലൂടെ പ്രദേശവാസികളുടെ ദീർഘകാല ആഗ്രഹമാണ് സഫലമാകുന്നത്.

പഞ്ചായത്ത് പ്രസിഡൻറ് എസ.് രാജലക്ഷ്മി അമ്മാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എ. ദേവദാസ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

(പി.ആർ.പി. 2476/2018)

പട്ടികജാതി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2018 – 2019 സാമ്പത്തിക വർഷം നടപ്പാക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഷണൽ കോഴ്‌സുകൾക്ക് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, പഠിക്കുന്ന സ്ഥാപന മേലധികാരിയിൽനിന്നുള്ള സർട്ടിഫിക്കറ്റ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽനിന്നും പഞ്ചായത്തിൽനിന്നും ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഒക്ടോബർ 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 0471 2550750, 2440890 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

(പി.ആർ.പി. 2477/2018)

അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യണം 

പനവൂർ പഞ്ചായത്ത് പരിധിയിലെ റോഡുകളിലും നടപ്പാതകളിലും കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാകുന്ന രീതിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളെക്‌സുകൾ, പരസ്യബോർഡുകൾ, ബാനറുകൾ, ഹോർഡിങ്സ് എന്നിവ ഒക്ടോബർ 15 നു മുൻപ് സ്വമേധയാ നീക്കം ചെയ്യണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിച്ച് നീക്കം ചെയ്യുമെന്നും സ്ഥാപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

(പി.ആർ.പി. 2478/2018)

Leave a Reply

Your email address will not be published. Required fields are marked *