കുന്നത്തുകാൽ ഗ്രാമീണ ജലവിതരണ പദ്ധതി  രണ്ടാം ഘട്ടത്തിനു തുടക്കമായി

കുന്നത്തുകാൽ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു തുടക്കമായി. 9.15 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമാണോദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
ഘട്ടംഘട്ടമായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും തനതു ശുദ്ധജല പദ്ധതികൾക്കു രൂപം നൽകാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് എം.എൽ.എ. പറഞ്ഞു. കുന്നത്തുകാൽ, പെരുങ്കടവിള, ആര്യങ്കോട് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പഴമലയാറിൽ നിന്ന് വെള്ളം ശേഖരിച്ച് മണവാരിയിലെ കടൽകാണികുന്നിന് സമീപത്തെ സംഭരണിയിലെത്തിച്ചു ശുചീകരിച്ചു കോട്ടുകോണം കുന്നിൽ നിർമിക്കുന്ന ടാങ്കിൽ എത്തിച്ച് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ രൂപരേഖ. ഇതിനായി കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് കോട്ടുക്കോണത്ത് 14 സെന്റ് ഭൂമി ഏറ്റെടുത്തു നൽകി.
പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ റാണി, കുന്നത്തുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സജിത, വികസനകാര്യ ചെയർമാൻ ഷിജുകുമാർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ നിർമ്മല ജി., ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.അശോക് കുമാർ  ബ്ലോക്ക് പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠൻ, ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ സുജാദ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *