425 ഹെക്ടർ പ്രദേശത്ത്‌  ജലസമൃദ്ധി പദ്ധതി

കാട്ടാക്കട:  നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന ജലസമൃദ്ധി പദ്ധതി വേറിട്ട മാതൃകയാണെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ. ജലസംരക്ഷണവും കാർഷിക മേഖലയ്ക്ക് പുത്തനുണർവും നൽകുന്ന പദ്ധതിയാണിത്. കാട്ടാക്കട മണ്ഡലം ഇന്ന് ലോകത്തിന്റെ മുന്നിൽ വികസനത്തിന്റെ പുത്തൻ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കടയിൽ കുളത്തുമ്മൽ തോട് നീർത്തട പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള നീർത്തട പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും സർക്കാർ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

കാട്ടാക്കട പഞ്ചായത്തിലെ കിള്ളി, കുളത്തുമ്മൽ, കാട്ടാക്കട, ചെട്ടി കോണം, കാനക്കോട്, പാറച്ചൽ, കൊമ്പാടിക്കൽ, അമ്പലത്തിൻകാല, എട്ടുരുത്തി, തൂങ്ങാംപാറ, പൊന്നറ, വാർഡുകളിലൂടെ ഒഴുകുന്ന കുളത്തുമ്മൽ തോടിന്റെ ഇരുവശത്തുമായുള്ള 425 ഹെക്ടർ പ്രദേശം പദ്ധതിയുടെ ഭാഗമാകും. ശാസ്ത്രീയമായി മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലൂടെ രൂക്ഷമായ മണ്ണൊലിപ്പ് തടയുക, ഭൂഗർഭ ജലവിതാനം ഉയർത്തുക, തോടും അനുബന്ധ ജലസ്രോതസ്സുകളും സംരക്ഷിക്കുക, ജൈവ വൈവിധ്യം നിലനിർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

തടയണ നിർമ്മാണം, പാർശ്വഭിത്തി സംരക്ഷണം, തോടിന്റെ കരകളിൽ മണ്ണൊലിപ്പ് തടയുന്നതിനായി പുല്ലു വച്ച് പിടിപ്പിക്കൽ, ഫലവൃക്ഷത്തൈ നടീൽ, ജൈവ വേലി, കിണർ റീച്ചാർജജിംഗ്, പുതിയ കിണർ നിർമ്മാണം, ചെറുകുളങ്ങളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി പ്രദേശത്തെ കാർഷിക ഭൂമിയിൽ നടപ്പിലാക്കുന്ന പ്രവൃത്തികൾ, പ്രദേശത്തെ ഗുണഭോക്താക്കളിൽ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്തൃ കമ്മിറ്റി മുഖേനയും, കുളങ്ങളുടെയും തോടുകളുടേയും സംരക്ഷണ പ്രവൃത്തികൾ ടെന്റർ മുഖേനയുമാണ് നടപ്പിലാക്കുക. മണ്ണ് സംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്ക് 100% സബ്‌സിഡിയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *