നാളികേര അധിഷ്ഠിത ഉല്‍പന്നമായ ‘നീര’ പൊതുബ്രാന്റില്‍ പുറത്തിറക്കും: കൃഷിമന്ത്രി

തൃശൂര്‍: ഉല്‍പാദനവും വിപണനവും വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നാളികേര അധിഷ്ഠിത ഉല്‍പന്നമായ ‘നീര’ പൊതുബ്രാന്റില്‍ പുറത്തിറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതിനായി പൊതുലോഗോയും അംഗീകരിക്കും. ലോക നാളികേരദിനാചരണ ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തവേയാണ് കൃഷി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നീരയില്‍ ഉണ്ടാവേണ്ട അടിസ്ഥാന ചേരുവകള്‍ സംബന്ധിച്ചുളള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ രംഗത്ത് പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ കടന്നു വരുന്നുണ്ട്. നീര ടെട്രാപായ്ക്കില്‍ പുറത്തിറക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്. പതിനായിരം ലിറ്റര്‍ നീര കണ്‍സോര്‍ഷ്യം അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ലാഭവിഹിതം കര്‍ഷകര്‍ക്കു തന്നെ ലഭിക്കണമെങ്കില്‍ കര്‍ഷക ഉല്‍പാദക കമ്പനികളെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തണം. തെങ്ങിനെ ബാധിക്കുന്ന ചെമ്പന്‍ ചെല്ലി, കൊമ്പന്‍ ചെല്ലി, രോഗങ്ങളെ ചെറുക്കുന്നതിന് സംസ്ഥാനതല ക്യാമ്പയിന്‍ സംഘടിപ്പിക്കും. നാളികേര കൃഷിയിടത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന് രണ്ടു കോടി തെങ്ങിന്‍ തൈകള്‍ 10 വര്‍ഷം കൊണ്ട് വച്ചുപിടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *