കശ്മീർ പ്രത്യേക പദവി: കേന്ദ്രത്തിൽ നിന്നു തീരുമാനം അറിയിക്കണമെന്ന് ഒമർ അബ്ദുല്ല

ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370, 35എ വകുപ്പുകൾ എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രം തീരുമാനം അറിയിക്കണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. കശ്മീർ ഗവർണർ സത്യപാൽ മാലിക്കുമായി ഇതു സംബന്ധിച്ചു നടത്തിയ ചർച്ചകൾക്കു ശേഷമായിരുന്നു ഒമറിന്റെ പ്രതികരണം.

‘കശ്മീരിൽ ഇപ്പോൾ എന്താണു നടക്കുന്നതെന്നു ഞങ്ങൾക്കു മനസിലാകുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന്  അന്വേഷിക്കാനാണ് എത്തിയത്. ആർട്ടിക്കിൾ 370, 35എ എന്നിവ ഭരണഘടനയിൽ നിന്നു നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണങ്ങളെക്കുറിച്ചും ചോദിച്ചു. കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടന വകുപ്പിൽ ഭേദഗതികളോ മറ്റു മാറ്റങ്ങളോ വരുത്തില്ലെന്നു ഗവർണർ ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ കശ്മീരിന്റെ കാര്യത്തിൽ ഗവർണറുടേതല്ല, മറിച്ചു കേന്ദ്രസർക്കാരിന്റേതാണ് അവസാന വാക്ക്. അതിനാൽ കേന്ദ്രത്തിൽ നിന്നു തീരുമാനം അറിയണം’, ഒമർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *