സിഒടി നസീര്‍ വധശ്രമക്കേസ്: എഎന്‍ ഷംസീറിന്‍റെ മൊഴിയെടുക്കും, കാര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷംസീറിന്‍റെ സഹോദരന്‍റെ പേരിലുള്ള ഇന്നോവ കാറാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. എംഎല്‍എ ബോര്‍ഡ് വച്ച് ഷംസീര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഈ കെഎല്‍ 07 സിഡി 6887 എന്ന കാറാണ് ബോര്‍ഡ് മാറ്റിയ ശേഷം സ്റ്റേഷനിലെത്തിച്ചത്.  കേസിൽ ഷംസീറിന്‍റെ മൊഴിയെടുക്കും. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷംസീറിന് ഉടന്‍ നോട്ടീസ് നൽകും.

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം നോട്ടീസ് നല്‍കിയ പ്രകാരം കാര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു എന്നാണ് വിവരം. ഈ കാറില്‍ വച്ചാണ് സിഒടി നസീറിനെ വധിക്കാനുള്ള ഗൂഢാലോചന പ്രതികള്‍ നടത്തിയത് എന്നാണ് പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് ദിവസങ്ങൾക്ക് മുൻപ് മെയ് 18-ാം തീയതിയാണ് തലശ്ശേരി കായ്യത്ത് റോഡിലെ ഗേൾസ് സ്‌കൂൾ പരിസരത്ത് വെച്ച് സിഒടി നസീർ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *