ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. രജിസ്ട്രേഷൻ ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മറൈൻ ഏൻഫോഴ്സ്മെന്‍റ്  വ്യക്തമാക്കി. അതേസമയം മത്സ്യതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഏർപ്പെടുത്തിയിരിക്കുന്ന ബയോമെട്രിക്ക് കാർഡുകളുടെ വിതരണം ഇനിയും പൂർത്തിയായിട്ടില്ല.

സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുമായി 3800ല്‍ അധികം ബോട്ടുകള്‍ ഇന്ന് അർധരാത്രി മുതല്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകും. ലൈസൻസ് രജിസ്ട്രേഷൻ ഫീസ് ഉള്‍പ്പടെയുള്ളവ വർദ്ധിപ്പിച്ച സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് ബോട്ടുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഉള്ളത്. കലാവസ്ഥ വ്യതിയാനവും മഴയുടെ കുറവ് തൊഴിലാളികളുടെ പ്രതീക്ഷക്ക് നേരിയ മങ്ങല്‍ ഏല്‍പ്പിച്ചിടുണ്ട്. യാർഡുകളില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകളുടെ അറ്റകുറ്റപണികള്‍ പൂർത്തിയായി. ഐസ് നിറക്കുന്ന ജോലികള്‍ തുടങ്ങി. അതേസമയം മൺസൂൺകാല ട്രോളിങ്ങ് നിരോധനം അശാസ്ത്രീയമാണെന്ന നിലപാടിലാണ് ബോട്ടുടമകളുള്ളത്.

ഇന്ന് അർധരാത്രി മുതല്‍ മീൻപിടിക്കാൻ പോകുന്ന ചെറിയ ബോട്ടുകള്‍ ഉച്ചകഴിയുന്നതോടെ മടങ്ങിയെത്തും. ബോട്ടുകളിലും ചെറുവള്ളങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കിയിടുണ്ട്. എന്നാല്‍ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്തുള്ള വിവരശേഖരണവും ബയോമെട്രിക് കാർഡ് വിതരണവും ഇനിയും പൂർത്തിയായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *