ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐ അന്വേഷണത്തിനു ചീഫ് ജസ്റ്റിസിന്റെ അനുമതി

ന്യൂഡൽഹി : അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ.ശുക്ലക്കെതിരെ സിബിഐ അന്വേഷണത്തിന് അനുമതി നൽകി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരെ സിബിഐ അന്വേഷണത്തിനു സുപ്രീംകോടതി അനുവാദം നൽകുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ഇല്ലാതെ സിറ്റിങ് ജഡ്ജിക്കെതിരെ കേസ് ഫയൽ ചെയ്യാനാകില്ല. ചീഫ് ജസ്റ്റിസിനു സിബിഐ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു നടപടി.

2017–ൽ ലക്നൗവിലെ ജിസിആർജി മെഡിക്കൽ കോളജിന് അഡ്മിഷൻ നടത്തുന്നതിനായി താൻ ഉൾപ്പെട്ട ബെഞ്ചിന്റെ വിധി തിരുത്തിയെന്നാണ് ജസ്റ്റിസ് ശുക്ലക്കെതിരെയുള്ള പരാതി. 2017–2018 അധ്യായന വർഷം അഡ്മിഷൻ നടത്താൻ സ്വകാര്യ മെഡിക്കൽ കോളജിനെ അനുവദിക്കുന്നതിൽ നിന്നു ഹൈക്കോടതിയെ വിലക്കി കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു ശുക്ലയുടെ നീക്കം. നിലവാരമില്ലാത്ത അടിസ്ഥാന സൗകര്യങ്ങളുടെ പേരിലും നിരവധി മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലും വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് ജിസിആർജി മെഡിക്കൽ കോളജിനെ സർക്കാർ വിലക്കിയിരുന്നു. ഇതിനെത്തുടർന്നാണ് മെഡിക്കൽ കോളജിന് അനുകൂലമായി ശുക്ല വിധി തിരുത്തിയത്. പിന്നീട്, ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പരാതിയെ തുടർന്നു ഹൈക്കോടതി നടപടി സുപ്രീംകോടതി റദ്ദാക്കി.

പരാതിയുടെ അടിസ്ഥാനത്തിൽ ശുക്ല രാജിവയ്ക്കാനോ സ്വയം വിരമിക്കലിനു അപേക്ഷ നൽകാനോ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശുക്ല ഇതു നിരാകരിച്ചു. തുടർന്ന്, ആരോപണങ്ങൾ അന്വേഷിക്കുന്നതിന് ജഡ്ജിമാരുടെ പാനൽ രൂപീകരിക്കാൻ ദീപക് മിശ്ര നിർദേശം നൽകി. ഒരു ജസ്റ്റിസിന്റെ അന്തസത്തയ്ക്കും വിശ്വാസ്യതയ്ക്കും യോജിക്കാത്ത രീതിയിൽ പ്രവർത്തിച്ചെന്ന പാനലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ശുക്ലയുടെ ജുഡീഷ്യൽ അധികാരങ്ങൾ പിൻവലിക്കുകയും അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്നു അവശ്യപ്പെട്ട് പ്രധാനന്ത്രി നരേന്ദ്ര മോദിക്കു കത്ത് അയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സിബിഐ അന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *