കര്‍ക്കടക വാവ് : ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു

കര്‍ക്കടക വാവ് : ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു

കര്‍ക്കടക വാവിനോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ ബലിതര്‍പ്പണ കടവുകളായ ശംഖുമുഖം, അരുവിക്കര, അരുവിപ്പുറം, തിരുവല്ലം, വര്‍ക്കല, പാപനാശം എന്നിവിടങ്ങളില്‍ ഹരിതചട്ടം കര്‍ശനമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ്, പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍, തെര്‍മോകോള്‍ പാത്രങ്ങള്‍, അലൂമിനിയം ഫോയില്‍, ടെട്രാ പാക്കുകള്‍, മള്‍ട്ടി ലെയര്‍ പാക്കിങ്ങുള്ള ആഹാര പദാര്‍ഥങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 824/2019)

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ : വാക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെയാണ് ഇന്റര്‍വ്യൂ. ബിരുദവും രണ്ടു വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ, സോഷ്യല്‍ മീഡിയയിലും മലയാളം, ഇംഗ്ലിഷ് കംപ്യൂട്ടിങ്ങിലുമുള്ള പ്രാഗത്ഭ്യം എന്നിവ അഭികാമ്യം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കുടപ്പനക്കുന്ന് കളക്ടറേറ്റിന്റെ ഒന്നാം നിലയിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2731300.
(പി.ആര്‍.പി. 825/2019)

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഒ.ബി.സി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം മെറിറ്റ്/റിസര്‍വേഷനില്‍ പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒ.ബി.സി സുമദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറവും അനുബന്ധ രേഖകളും ഓഗസ്റ്റ് 20 നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  അപേക്ഷാ ഫോമിന്റെ മാതൃകയും വിജ്ഞാപനവും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2429130.
(പി.ആര്‍.പി. 826/2019)

കരിയര്‍ സെമിനാറില്‍ പങ്കെടുക്കാം

എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കുമായി തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഗസ്റ്റ് മൂന്നിന് പുളിമൂടിനു സമീപത്തുള്ള പി. & റ്റി. ഹൗസില്‍ വച്ച് ഒരു കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.  ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ പരിചയപ്പെടുത്തുന്ന ഈ സെമിനാര്‍ ഉപയോഗപ്പെടുത്താന്‍ താല്‍പ്പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 8281075156.
(പി.ആര്‍.പി. 827/2019)

ഗതാഗത നിയന്ത്രണം

വര്‍ക്കല പാപനാശം കടപ്പുറത്ത് കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണത്തിനായി എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യത്തിനും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനുമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂലൈ 30ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ഓഗസ്റ്റ് ഒന്നിനു രാവിലെ എട്ടുമണിവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കല്ലമ്പലം, കടയ്ക്കാവൂര്‍ ഭാഗങ്ങളില്‍ നിന്നും പാപനാശത്തേയ്ക്ക് വരുന്ന സര്‍വീസ് ബസുകള്‍ മൈതാനത്തുനിന്നും പുന്നമൂട്, കൈരളി നഗര്‍ വഴി ആല്‍ത്തറമൂട്ടില്‍ എത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെ പോകണം. ചെറുവാഹനങ്ങള്‍ മൈതാനം വഴി വര്‍ക്കല ഗവ. ഹോസ്പിറ്റല്‍ ജംഗ്ഷനിലെത്തി ആളിറക്കിയ ശേഷം പെരുംകുളം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. മൈതാനം ബസ് സ്റ്റോപ്പിന് പിറകുവശത്തുള്ള ഗ്രൗണ്ട്, ധന്യ സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള ഗ്രൗണ്ട്, എന്‍.എസ്.എസ് കരയോഗം സ്‌കൂള്‍ എന്നിവിടങ്ങളിലും പാര്‍ക്കിംഗിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ടൂറിസ്റ്റ് ബസുകള്‍, മിനിബസുകള്‍ തുടങ്ങിയവ മൈതാനത്ത് ആളെ ഇറക്കിയ ശേഷം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. പാരിപ്പള്ളി ഭാഗത്തു നിന്നും വരുന്ന സര്‍വ്വീസ് ബസുകള്‍ പുന്നമൂട് കൈരളി നഗര്‍ വഴി ആല്‍ത്തറമൂട്ടിലെത്തി ആളിറക്കിയ ശേഷം മൈതാനം വഴി പോകണം. ഇടവ കാപ്പില്‍ ഭാഗത്ത് നിന്നും വരുന്ന സര്‍വ്വീസ് ബസുകള്‍ ഇടവ മൂന്ന്മുക്ക് വഴി ആല്‍ത്തറമൂട്ടിലെത്തി ആളിറക്കിയ ശേഷം മൈതാനം വഴി തിരികെ പോകണം.  ഈ റൂട്ടില്‍ വരുന്ന ചെറിയ വാഹനങ്ങള്‍ ഹെലിപ്പാടിലും നന്ദാവനത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്. ഗസ്റ്റ് ഹൗസ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്കിംഗിനുള്ള സൗകര്യമുണ്ട്.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആറ്റിങ്ങല്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്തില്‍ അറുനൂറോളം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
(പി.ആര്‍.പി. 828/2019)

പാറശ്ശാല ഗ്രാമപഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് 

പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ വാര്‍ഡുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. രോഗ നിര്‍ണയ ചികിത്സാ പരിപാടിയുടെ ഭാഗമായി നടത്തുന്ന അഞ്ചു ദിവസത്തെ ക്യാമ്പ് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പെരുവിള ഗവണ്മെന്റ് എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അധ്യക്ഷത വഹിച്ചു.

അലോപ്പതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ എന്നീ വിഭാഗങ്ങളുടെ സൗജന്യ സേവനം ക്യാമ്പുകളില്‍ ലഭ്യമാണ്. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനും ക്യാമ്പ് സഹായകമാകുമെന്ന് പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പെരുവിള ഗവണ്മെന്റ് എല്‍.പി.സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ 150-ലധികം പേര്‍ പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പിന്റെ സമാപനം ആഗസ്റ്റ് ഒന്‍പത് രാവിലെ 9ന് ഇഞ്ചിവിള ഗവണ്മെന്റ് എല്‍.പി.സ്‌കൂളില്‍ നടക്കും.
(പി.ആര്‍.പി. 829/2019)

തൊഴില്‍ നൈപുണ്യ പരിശീലന ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭയില്‍ നടപ്പാക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി മൊബുലൈസേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. അന്‍പതോളം കുട്ടികള്‍ ക്യാമ്പയിനില്‍ പങ്കെടുത്തു.

ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ജനറല്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈനിംഗ്, സ്റ്റിച്ചിംഗ്, എയര്‍ലൈന്‍ റിസര്‍വേഷന്‍, സോഫ്റ്റ് വെയര്‍ ആന്റ് ഹാര്‍ഡ് വെയര്‍ തുടങ്ങി 58 ഓളം തൊഴില്‍ നൈപുണ്യ കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്. മൂന്നു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ഇവ. നഗരസഭ തെരഞ്ഞെടുത്ത 40 ഓളം ഏജന്‍സികളാണ് പരിശീലനം നല്‍കുന്നത്.

ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 18 നും 35നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി മുതല്‍ എഞ്ചിനീയറിംഗ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഐ.റ്റി.ഐ, പോളിടെക്‌നിക്ക് സാങ്കേതിക യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഭാഗമാകാം. പഠന ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.
(പി.ആര്‍.പി. 830/2019)

Leave a Reply

Your email address will not be published. Required fields are marked *