അക്കേഷ്യ മരങ്ങള്‍ ലേലം ചെയ്യുന്നു

അക്കേഷ്യ മരങ്ങള്‍ ലേലം ചെയ്യുന്നു

സാങ്കേതിക വിദ്യാഭ്യാസ ഡയയറക്ടറേറ്റിന്റെ കീഴിലുള്ള നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വളപ്പില്‍ നില്‍ക്കുന്ന 68 അക്കേഷ്യാ മരങ്ങള്‍ പരസ്യമായി ലേലം ചെയ്യുന്നു.  സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ വഴിയും ലേലത്തില്‍ പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ നേരിട്ടോ 9400006460 എന്ന മൊബൈല്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.  ഓഗസ്റ്റ് 20 രാവിലെ 11 മണിക്കാണ് ലേലം ചെയ്യുന്നത്.  20,000 രൂപയാണ് നിരതദ്രവ്യം.  ക്വട്ടേഷനുകള്‍ സമര്‍പ്പിക്കുന്നവര്‍ നിരതദ്രവ്യം ഡിമാന്റ് ഡ്രാഫ്റ്റായി ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
(പി.ആര്‍.പി. 839/2019)

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും തിരുവനന്തപുരം ജില്ലയില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ അംഗീകൃത കോഴ്‌സുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികളില്‍ നിന്നും 2019-20 അധ്യയന വര്‍ഷം ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.  അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.  അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്‌സിന് സര്‍ക്കാര്‍/യൂണിവേഴ്‌സിറ്റി അംഗീകരിച്ച ഫീ സ്ട്രക്ചറിന്റെ പകര്‍പ്പ് എന്നിവ സഹിതം അഡ്മിഷന്‍ ലഭിച്ച് മൂന്നു മാസത്തിനകം സമര്‍പ്പിക്കണം.  വൈകി ലഭിക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല.  അപേക്ഷ ഫോറം www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലും തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും.  അപേക്ഷകള്‍ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി. 840/2019)

ക്വട്ടേഷന്‍ ക്ഷണിച്ചു

ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിനു കീഴില്‍ നന്ദിയോട് പ്രവര്‍ത്തിക്കുന്ന ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം തുന്നി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സ്‌കൂള്‍ യൂണിഫോം തുന്നുന്നതില്‍ മൂന്നുവര്‍ഷമെങ്കിലും പരിചയമുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്വട്ടേഷന്‍ സമര്‍പ്പിക്കാം.  ഓഗസ്റ്റ് മൂന്നിന് വൈകിട്ട് മൂന്നു മണിക്കു മുന്‍പ് ക്വട്ടേഷനുകള്‍ ലഭിക്കണം. വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നെടുമങ്ങാട് മുത്താരിയമ്മന്‍ കോവിലിനു സമീപത്തുള്ള നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിലോ 0472 2812557 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം.
(പി.ആര്‍.പി. 841/2019)

ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

വഴുതക്കാടുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും ksg.keltron.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0471-2325154, 4016555.
(പി.ആര്‍.പി. 842/2019)

കരകവിയാത്ത കിള്ളിയാര്‍; രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കിള്ളിയാര്‍ മിഷന്റെ ഭാഗമായി കിള്ളിയാര്‍ ശുചീകരണത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി, കരകുളം, അരുവിക്കര, പനവൂര്‍, ആനാട് എന്നീ ഗ്രാമപഞ്ചായത്തുകളും സംയുക്തമായാണ് കിള്ളിയാര്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരകുളം ഗ്രാമപഞ്ചായത്തില്‍ കിള്ളിയാറിന്റെ തീരം അളന്നു തിട്ടപ്പെടുത്തുന്ന പണി പൂര്‍ത്തിയായി.

പ്രത്യേക സര്‍വേ സംഘം രൂപീകരിച്ചാണ് തീരം അളന്നത്. മറ്റ് പഞ്ചായത്തുകളില്‍ ഈ പ്രവര്‍ത്തി ആരംഭിച്ചുകഴിഞ്ഞു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെക്ക്ഡാം, നടപ്പാത, വേലി എന്നിവ നിര്‍മിക്കുന്നതിനാവശ്യമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, എസ്റ്റിമേറ്റ് എന്നിവ ജലസേചന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എട്ടേ മുക്കാല്‍ കോടിയുടേതാണ് പദ്ധതി. ഡിസംബര്‍ മാസത്തോടുകൂടി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പൊതുജന പങ്കാളിത്തത്തോടുകൂടി ജലദീപം തെളിയിച്ച് ജലത്തെ ആദരിക്കുമെന്ന് കിള്ളിയാര്‍ മിഷന്‍ സംഘാടകര്‍ അറിയിച്ചു. ഇതിനു മുന്നോടിയായി ഏകദിന ശുചീകരണ യജ്ഞവും സംഘടിപ്പിക്കും.
(പി.ആര്‍.പി. 843/2019)

Leave a Reply

Your email address will not be published. Required fields are marked *