ചെല്ലഞ്ചി, ചിപ്പന്‍ചിറ പാലങ്ങള്‍ നാടിനു സമര്‍പ്പിച്ചു

* വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വ്
* അന്തര്‍സംസ്ഥാന ചരക്ക് നീക്കം സുഗമമാകുംവാമനപുരം നിയോജകമണ്ഡലത്തിലെ ചെല്ലഞ്ചി, ചിപ്പന്‍ചിറ പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിച്ചു. ഇതോടെ വര്‍ക്കലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്കുള്ള യാത്ര സുഗമമാകും. 14.5 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ആകെ 148.24 മീറ്റര്‍ നീളമാണ് ചെല്ലഞ്ചി പാലത്തിനുള്ളത്. 7.5 മീറ്റര്‍ വീതിയുള്ള നടപ്പാതകളും പാലത്തിനോടു ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ സഹായത്തോടെ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എല്‍.ബി.എസ് ശാസ്ത്രസാങ്കേതിക കേന്ദ്രമാണ് പാലം രൂപകല്‍പ്പന ചെയ്തത്. വര്‍ക്കല, ആറ്റിങ്ങല്‍ ഭാഗങ്ങളില്‍ നിന്നും പാലോട്, വിതുര, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്കും സമീപപ്രദേശങ്ങളായ കല്ലറ, പാങ്ങോട്, പനവൂര്‍, പുല്ലമ്പാറ, പെരിങ്ങമ്മല, നന്ദിയോട് നിവാസികള്‍ക്കും ഈ പാലം വളരെ പ്രയോജനകരമാണ്.

തിരുവനന്തപുരം – ചെങ്കോട്ട റോഡില്‍ പാലോടിനു സമീപം ചിപ്പന്‍ചിറയില്‍ നിര്‍മിച്ച പാലത്തിന് 6.97 കോടി രൂപയാണ് ആകെ നിര്‍മാണചെലവ്.  51 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശത്തും 1.50 മീറ്റര്‍ വീതം വീതിയുള്ള നടപ്പാതയും 250 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുമുണ്ട്. ചിപ്പന്‍ചിറപാലം യാഥാര്‍ത്ഥ്യമായതോടെ അന്തര്‍സംസ്ഥാന ചരക്ക് നീക്കവും വിനോദസഞ്ചാര മേഖലയിലേക്കുള്ള അയല്‍ സംസ്ഥാനക്കാരുടെ വരവും ലളിതമാകും.

ചെല്ലഞ്ചിയില്‍ നടന്ന ചടങ്ങില്‍ വാമനപുരം എംഎല്‍എ ഡി.കെ മുരളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചിപ്പന്‍ചിറയില്‍ നടന്ന ചടങ്ങില്‍ പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഗീത എസ്, ജില്ലാപഞ്ചായത്ത് അംഗം എസ് എം റാസി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
(പി.ആര്‍.പി. 813/2019)

റോഡ് ഉദ്ഘാടനം ചെയ്തു

തീരദേശ വികസന ഫണ്ടുപയോഗിച്ച് തുറമുഖവകുപ്പ് ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍  നിര്‍മിക്കുന്ന ദളവാപുരം ചെമ്പക കണ്ണാട്ട് തടിമില്ല് റോഡിന്റെയും ചെമ്പകമന്ദിരം ഏല-ഏറ റോഡിന്റെയും നിര്‍മാണോദ്ഘാടനം ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. 38.80 ലക്ഷം രൂപയാണ് നിര്‍മാണചെലവ്. 23 ലക്ഷം രൂപ ചെലവിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച ദളവാപുരം ഒലിപ്പുവിള റോഡും നാടിനു സമര്‍പ്പിച്ചു.

മണ്ഡലത്തില്‍ മണമ്പൂര്‍, ഒറ്റൂര്‍, ചെറുന്നിയൂര്‍ പഞ്ചായത്തുകളിലെ തകര്‍ന്ന റോഡുകള്‍ നവീകരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എല്‍.എ. പറഞ്ഞു. യോഗത്തില്‍ ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം നവപ്രകാശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സലിം ഇസ്മയില്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 814/2019)

അലങ്കാര മത്സ്യകൃഷിക്ക് തുടക്കം

കഠിനംകുളം ഗ്രാമപഞ്ചായത്ത് സംസ്ഥാന ഫിഷറീസ് കോര്‍പ്പറേഷനും തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് അലങ്കാരമത്സ്യകൃഷിക്ക് തുടക്കം കുറിച്ചു. നാലു ലക്ഷം രൂപ ചെലവില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് കുളം നിര്‍മിച്ചത്. കഠിനംകുളം പടിഞ്ഞാറ്റുമുക്ക് വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിര്‍മിച്ച കുളത്തില്‍ സംസ്ഥാന ഫിഷറീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഗപ്പി മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്. അലങ്കാര മത്സ്യകൃഷി രംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ പി. ഫെലിക്‌സ് പറഞ്ഞു.
(പി.ആര്‍.പി. 815/2019)

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ദ്രവ്യഗുണ വിജ്ഞാന വകുപ്പില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 29 രാവിലെ 11 മണിയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെൡയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം 10.30ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2460190. വെബ്‌സൈറ്റ് www.govtayurvedacollegetvm.nic.in.
(പി.ആര്‍.പി. 816/2019)

റവന്യു റിക്കവറി ഒത്തുതീര്‍പ്പു സംഗമം

സംസ്ഥാന  പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തി റവന്യു റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കള്‍ക്കായി ഒത്തുതീര്‍പു സംഗമം നടത്തുന്നു. ജൂലൈ 29 രാവിലെ പത്തുമണി മുതല്‍ നെടുമങ്ങാട് റവന്യു ടവര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് റവന്യു റിക്കവറി ഓഫീസിലാണ് സംഗമം സംഘടിപ്പിക്കുന്നത്.  ഒറ്റത്തവണയായി കുടിശികയടച്ചു തീര്‍ക്കുന്ന ഗുണഭോക്താവിന് റവന്യു റിക്കവറി ചാര്‍ജ് അഞ്ച് ശതമാനത്തില്‍ നിന്നും ഒരുശതമാനമായി കുറക്കുകയും 2017 ഏപ്രില്‍ ഒന്നിനു ശേഷമുള്ള പിഴപലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കുകയും ചെയ്യും. നോട്ടീസ് ചാര്‍ജ്, സര്‍വീസ് ടാക്‌സ് എന്നിവയില്‍ നിന്നും ഗുണഭോക്താക്കളെ ഒഴിവാക്കുമെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2723155, 0472 – 2802425.
(പി.ആര്‍.പി. 817/2019)

ലാബ് ടെക്‌നീഷ്യന്‍: താല്‍ക്കാലിക നിയമനം

തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിലേയ്ക്ക് എന്‍.എ.എം ഫണ്ട് പ്രകാരം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു.  എസ്.എസ്.എല്‍.സി, ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എം.എല്‍.റ്റി./ബി.എസ്.സി എം.എല്‍.ടി കോഴ്‌സ് പാസ് സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയും ഫുള്ളി ആട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസര്‍ ഹീമറ്റോളജി അനലൈസര്‍ എന്നിവ പ്രവര്‍ത്തിപ്പിച്ച് കുറഞ്ഞത് ആറ് മാസത്തെ പരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം.

ഉയര്‍ന്ന പ്രായപരിധി 40 വയസ്.  താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതകള്‍, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ എന്നിവ സഹിതം തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) മുന്‍പാകെ ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം.  വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ഹാജരാക്കാത്ത ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് പങ്കെടുപ്പിക്കില്ല.  ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം: ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ), പഴവങ്ങാടി, കിഴക്കേക്കോട്ട, തിരുവനന്തപുരം-695023.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2474266.
(പി.ആര്‍.പി. 818/2019)

ദേശീയ ഭിന്നശേഷി അവാര്‍ഡ്: നോമിനേഷന്‍ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കി വരുന്ന ദേശീയ ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.  മികച്ച ഭിന്നശേഷി ജീവനക്കാര്‍, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ / വ്യക്തികള്‍, ഭിന്നശേഷി സൗഹൃദമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, മികച്ച ബ്രെയിലി പ്രസ്, മികച്ച അക്‌സസിബിള്‍ വെബ്‌സൈറ്റ് എന്നിങ്ങനെ 14 വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.  വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം.  ബയോഡാറ്റ, രണ്ട് ഫോട്ടോകള്‍, വിവരണം എന്നിവ സഹിതം ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷകള്‍ (മൂന്ന് സെറ്റ്) ഓഗസ്റ്റ് അഞ്ചിന് മുന്‍പായി മുമ്പായി ജില്ലാ സാമൂഹ്യനിതി ഓഫീസര്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.  വിശദവിവരങ്ങള്‍ www.sjdkeralalgov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241.
(പി.ആര്‍.പി. 819/2019)

Leave a Reply

Your email address will not be published. Required fields are marked *