കാർഗിൽ യുദ്ധത്തിന്റെ സ്മരണയിൽ ദ്രാസ്

ന്യൂഡൽഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം ദ്രാസിലെ യുദ്ധസ്മാരകത്തില്‍ വിപുലമായി ആഘോഷിച്ചു. മോശം കാലാവസ്ഥ കാരണം ദ്രാസിലെത്താന്‍ കഴിയാതിരുന്ന രാഷ്ട്രപതി റാംനാഥ് കോവിന്ദ് ശ്രീനഗറിലെ ആഘോഷച്ചടങ്ങുകളില്‍ പങ്കെടുത്തു.

യുദ്ധവിജയം നേടിയ ദ്രാസിലായിരുന്നു പ്രധാന ആഘോഷം. രാജ്യത്തിനു വേണ്ടി കാര്‍ഗിലില്‍ പോരാടിയ സൈനികരുടെ ധീരതക്ക് മുന്നില്‍ രാജ്യം നമിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. സൈനികരുടെ ധൈര്യത്തേയും സമര്‍പ്പണത്തേയും ഒാര്‍മിപ്പിക്കുന്നതാണ് കാര്‍ഗില്‍ വിജയ് ദിവസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

കാര്‍ഗിലില്‍ പോയതിന്‍റെയും സൈനികരുമായി ആശയവിനിമയം നടത്തുന്നതിന്‍റെയും ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ദേശീയ യുദ്ധസ്മാരകത്തില്‍ സ്മൃതി ചക്രമര്‍പ്പിച്ചു. നിഴല്‍ യുദ്ധം ചെയ്യാന്‍ മാത്രമേ പാകിസ്ഥാനു കഴിയുകയുള്ളൂവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയെ നേരിടാനുള്ള ശേഷി പാക്കിസ്ഥാനില്ലെന്ന് കാര്‍ഗില്‍ യുദ്ധവിജയം അടിവരയിട്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്‍റെ നേതൃത്വത്തില്‍ മൂന്ന് സേനാമേധാവികളും ദ്രാസിൽ വീരമൃത്യുവരിച്ച സൈനികരുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. യുദ്ധത്തില്‍ പങ്കെടുത്ത സൈനികരും വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളും വിജയാഘോഷ ചടങ്ങില്‍ സന്നിഹിതരായിരുന്നു. നടക്കാത്ത ലക്ഷ്യത്തിനായി ഇനിയും മുന്നോട്ട് പോകരുതെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *