മരടിലെ ഫ്ലാറ്റുകൾ പൊളിച്ചിരിക്കണം: സുപ്രീം കോടതി

ന്യൂഡൽഹി : മരടിലെ ഫ്ലാറ്റുകൾ പൊളിക്കണം എന്ന നിലപാടില്‍ ഉറച്ച് സുപ്രീംകോടതി. ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീം കോടി തള്ളി. ഫ്ലാറ്റുകൾ പൊളിക്കണമെന്ന ഉത്തരവില്‍ എല്ലാം വ്യക്തമാണെന്നു കോടതി പറ‍ഞ്ഞു. നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി.

ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായ പുനഃപരിശോധനാ ഹര്‍ജിയും കോടതി നേരത്തെ തള്ളിയിരുന്നു. മരട് നഗരസഭയില്‍ തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി മേയ് എട്ടിനാണ് വിധിച്ചത്. നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്ടുഒ, ഹോളിഡേ ഹെറിറ്റെജ്, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയുടെ മുന്നൂറ്റിയന്‍പതോളം ഫ്ലാറ്റുകളാണ് പൊളിക്കേണ്ടത്.

നിര്‍മാണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുള്ള തീരദേശ നിയന്ത്രണ മേഖല- 3ല്‍ (സിആര്‍സെഡ്) ഉള്‍പ്പെട്ട പ്രദേശത്താണ് ഫ്ലാറ്റുകൾ. കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെ മരട് പഞ്ചായത്ത് 2006-07 ല്‍ നിര്‍മാണാനുമതി നല്‍കുകയായിരുന്നു. സിആര്‍സെഡ് – 3ലെ പ്രദേശത്ത് തീരമേഖലയില്‍ നിന്ന് 200 മീറ്റര്‍ പരിധിക്കുള്ളില്‍ നിര്‍മാണങ്ങള്‍ പാടില്ലെന്ന കാരണത്താലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *