സിപിഐ നിർവാഹക സമിതി യോഗത്തിൽ കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം

കൊച്ചി: സിപിഐയുടെ എറണാകുളം ജില്ലാ നിർവാഹക സമിതി യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം.

പാർട്ടിയുടെ തീരുമാനം സെക്രട്ടറി തള്ളിപ്പറഞ്ഞെന്നു സമിതി ആരോപിച്ചു. കാനത്തിന്റെ നിലപാടു മൂലം എംഎൽഎയ്ക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാനം പരസ്യമായി മാപ്പ് പറയണം. ഇങ്ങനെയാണെങ്കിൽ പാർട്ടി ജാഥയ്ക്ക് ആളെ കിട്ടാതെ വരുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പൊലീസിനെതിരെ ഇപ്പോഴും കടുത്ത നിലപാടെടുക്കാത്തതിലുള്ള രോഷമാണ് നിർവാഹക സമിതിയിൽ പ്രകടമായത്.

പാർട്ടിയുടെ മേഖലാ റിപ്പോർട്ടിങ്ങിനെത്തിയ കാനം, നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാതെയാണ് മടങ്ങിയത്. വിമർശനമുയരുമെന്നു മുൻകൂട്ടി കണ്ടാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്നാണ് ആക്ഷേപം. എന്നാൽ കാനം രാജേന്ദ്രന്റെ അസാന്നിധ്യത്തിലും കടുത്ത വിമർശനമാണ് യോഗത്തിൽ ഉയർന്നത്. പൊലീസിനെതിരെ നടത്തിയ സമരം തള്ളിപ്പറയുന്ന ഒരു സാഹചര്യവും ഉണ്ടാകരുതെന്നു നിർവാഹക സമിതി ശക്തമായി ആവശ്യപ്പെട്ടു.

എന്നാല്‍, പൊലീസിനെതിരെ സംസാരിക്കാൻ കാനം രാജേന്ദ്രൻ ഇന്നും തയാറായില്ല. മോശം പൊലീസ് എന്ന അഭിപ്രായം എംഎൽഎയുടേതാണ്. അതിൽ ഞാൻ അഭിപ്രായം പറയുന്നില്ല. പൊലീസ് ചെലപ്പോ നന്നാകും ചെലപ്പോ മോശമാകും അതൊക്കെ സാധാരണയുള്ളതാണ്. അദ്ദേഹത്തിനു മർദനമേറ്റ കാര്യം അദ്ദേഹം തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കൂടിക്കാഴ്ചയിൽ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. റിപ്പോർട്ട് വന്നതിനു ശേഷം നടപടിയുണ്ടാകും. റിപ്പോർട്ട് നൽകാൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടല്ലോ? വേറാരുമല്ലല്ലോ, ‍ഞങ്ങൾ തന്നെയല്ലേ ഗവൺമെന്റ് എന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *