കണ്ണൂർ കോർപ്പറേഷനില്‍ വിട്ടുവീഴ്ച്ച ചെയ്യാൻ മുസ്ലീംലീഗ് ജില്ലാ നേതൃത്വം

കണ്ണൂര്‍: കോൺഗ്രസ് വിമതനെക്കൂട്ടി ഇടതുപക്ഷം ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ ഭരണമാറ്റം ഉറപ്പാക്കി മുസ്ലീം ലീഗിന്റെ നീക്കം. മേയർ സ്ഥാനം ലഭിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ മുസ്ലീംലീഗ് ജില്ലാ നേതൃത്വം തീരുമാനിച്ചതായാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോടെ കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങും.

വിമതൻ പി.കെ രാഗേഷിനെച്ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമാണ് നേരത്തെ കോർപ്പറേഷൻ ഭരണം കൈവിടുന്നതിലേക്ക് വരെ നയിച്ചത്. ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കി, ഒറ്റയംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി കോർപ്പറേഷൻ ഭരിക്കുന്നത്. ഭരണം വീഴ്ത്താൻ ലോക്സഭാ തെരഞ്ഞെടുപ്പോടെ തുടങ്ങിയ നീക്കങ്ങളാണ് ലക്ഷ്യത്തോടടുക്കുന്നത്.

കണ്ണൂരിൽ ചേർന്ന മുസ്ലിം ലീഗ് യോഗത്തിൽ ഭിന്നാഭിപ്രായങ്ങളുയർന്നെങ്കിലും ഭരണം പിടിക്കുന്നതിന് മുൻഗണന നൽകി വിട്ടുവീഴ്ച്ചക്കാണ് ലീഗ് ഒരുങ്ങുന്നത്. ശേഷിക്കുന്ന കാലയളവിലെ ആദ്യത്തെ ആറുമാസം മേയർ സ്ഥാനം കോൺഗ്രസിന് നൽകാനാണ് സാധ്യത. ബാക്കിയുള്ള കാലയളവിൽ മുസ്ലിം ലീഗ് ഏറ്റെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *