ഉസാമ ബിൻ ലാദനെ വധിക്കാൻ സിഐഎയെ സഹായിച്ചത് പാക്കിസ്ഥാൻ: ഇമ്രാൻ

വാഷിങ്ടൻ:  അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ ഒളിത്താവളം കണ്ടെത്താൻ അമേരിക്കയെ സഹായിച്ചത് പാക്ക് ചാരസംഘടനയായ ഐഎസ്ഐ ആയിരുന്നുവെന്ന്  പാക്ക്  പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.  ഡോണൾഡ് ട്രംപിന്റെ പ്രിയ ചാനലായ ഫോക്സ് ന്യൂസിന് വാഷിങ്ടനിൽ വച്ചു നൽകിയ അഭിമുഖത്തിലാണു ഇമ്രാന്റെ വെളിപ്പെടുത്തൽ.

ലാദൻ പാക്കിസ്ഥാനിലുണ്ടെന്നറിഞ്ഞത് 2011 മേയിൽ കമാൻ‌ഡോ നടപടിയിലൂടെ യുഎസ് സേന അയാളെ വധിച്ചതിനു ശേഷം മാത്രമാണെന്നായിരുന്നു ഇതുവരെ പാക്കിസ്ഥാൻ പറഞ്ഞിരുന്നത്. ആബട്ടാബാദിലെ ഒളിയിടത്തിൽ കഴിഞ്ഞ ലാദനെ കണ്ടെത്താൻ യുഎസ് ചാരസംഘടനയായ സിഐഎയ്ക്ക് നിർണായക തെളിവു നൽകിയ ഡോ. ഷക്കീൽ അഫ്രീദിയെ പാക്കിസ്ഥാൻ ജയിലിൽ നിന്നു മോചിപ്പിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഇമ്രാന്റെ മറുപടി.

അഫ്രീദിയെ മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എഫ്ബിഐ ഏജന്റുമാരെയും സൈനികരെയും വെടിവച്ചു എന്ന കുറ്റം ചുമത്തി 86 വർഷത്തെ തടവുശിക്ഷ വിധിച്ച് യുഎസ് ജയിലിൽ അടച്ച പാക്ക് ന്യൂറോസയന്റിസ്റ്റ് ആഫിയ സിദ്ദിഖിയെ വിട്ടയച്ചാൽ ഡോ. അഫ്രീദിയെ മോചിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്നും ഇമ്രാൻ പറഞ്ഞു. ലാദൻ പാക്കിസ്ഥാനിൽത്തന്നെയുണ്ടെന്നു സ്ഥിരീകരിക്കാനായി വാക്സിനേഷൻ പരിപാടി സംഘടിപ്പിച്ച് ഡിഎൻഎ തെളിവു ശേഖരിച്ച് സിഐഎയ്ക്കു കൈമാറിയെന്ന കുറ്റത്തിനാണ് ഡോ. അഫ്രീദിയെ 23 വർഷത്തെ തടവിനു ശിക്ഷിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *