സിപിഐ മാർച്ചിൽ സംഘർഷം; ലാത്തിച്ചാര്‍ജ്

കൊച്ചി: സിപിഐ എറണാകുളം ഐജി ഓഫിസിലേയ്ക്കു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ എൽദൊ എബ്രാഹാം എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു.

കഴിഞ്ഞയാഴ്ച വൈപ്പിൻ എളങ്കുന്നപ്പുഴ ഗവൺമെന്റ് കോളജിൽ എസ്എഫ്ഐയും എഐവൈഎഫും തമ്മിലുണ്ടായ സംഘർഷത്തിൽ ഞാറയ്ക്കൽ സിഐയുടെ ഭാഗത്തു നിന്ന് പക്ഷപാതപരമായ നിലപാടാണ് ഉണ്ടായത് എന്നാരോപിച്ചാണ് സിപിഐ ഇന്ന് മാർച്ച് സംഘടിപ്പിച്ചത്. സംഭവത്തിൽ പരുക്കേറ്റ എഐവൈഎഫ് പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താതെ അക്രമികൾക്ക് അനുകൂലമായാണ്  സിഐ പ്രവർത്തിച്ചത് എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

എസ്എഫ്ഐ പ്രവർത്തകരെ സഹായിക്കുന്ന നിലപാടെടുത്ത സിഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നു രാവിലെ 11 മണിയോടെ പ്രവർത്തകർ സംഘടിച്ചെത്തിയത്. പൊലീസ് ഐജി ഓഫിസിൽ നിന്നു മാറി ബാരിക്കേഡ് ഉപയോഗിച്ച് പ്രകടനം തടയുകയായിരുന്നു. മാർച്ച് അവസാനിക്കുന്നതിനു തൊട്ടുമുമ്പ് പ്രകോപിതരായ ഒരുപക്ഷം പ്രവർത്തകർ ബാരിക്കേഡ് തകർത്ത് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ശാന്തരാകാൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടും ഇതു വകവയ്ക്കാതെയാണ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടുകയും അക്രമാസക്തരാകുകയും ചെയ്തത്. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇവർക്ക് പൊലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും എൽദൊ ഏബ്രഹാം എംഎൽഎ ആരോപിച്ചു. ഇതിനെതിരെയാണ് ഭരണപക്ഷത്തുനിന്നു തന്നെയുള്ള പാർട്ടി സമരരംഗത്ത് എത്തിയിരിക്കുന്നത്. പൊലീസ് നിലാവത്ത് അഴിച്ചു വിട്ട കോഴിയെപോലെയാണ് പെരുമാറുന്നത്. മാർച്ചിനിടെ പ്രകോപനമില്ലാതെയാണ് പ്രവർത്തകരെയും തന്നെയും തല്ലിച്ചതച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *