115 വീടുകളുടെ താക്കോല്‍ദാനം

115 വീടുകളുടെ താക്കോല്‍ദാനം നടന്നു
* 375 പേര്‍ക്ക് ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തു

മഹാപ്രളയത്തെ അതിജീവിച്ച മലയാളികള്‍ നവകേരളം നിശ്ചയമായും നിര്‍മിക്കുകതന്നെ ചെയ്യുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍.  ജനപിന്തുണയോടെ സര്‍ക്കാര്‍ നടത്തുന്ന നവകേരള നിര്‍മാണ പ്രക്രിയയ്ക്ക് അകമഴിഞ്ഞ സംഭാവനയാണ് പൊതുസമൂഹം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.  സര്‍ക്കാര്‍ നടപ്പാക്കിയ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കാനായി സംഘടിപ്പിച്ച ‘ജനകീയം ഈ അതിജീവനം’ പൊതുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായും ശാസ്ത്രീയമായും നേരിടാനുള്ള പദ്ധതികളുടെകൂടി അടിസ്ഥാനത്തിലാണ് പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളായാണ് ഈ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍നിന്നു കരയേറാന്‍ പൊതു സമൂഹം സര്‍ക്കാരിനൊപ്പം നിന്നു പ്രവര്‍ത്തിച്ചത് ലോകത്തിനുതന്നെ മാതൃകയായിരുന്നു. ഈ കൂട്ടായ്മയും ഐക്യവുമാണ് നവകേരള സൃഷ്ടിയുടെ ഏറ്റവും വലിയ ബലം.

പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇത്തരം പരാതികള്‍ക്ക് ഉടനടി പരിഹാരം കാണാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും ദുരിതാശ്വാസ ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. 310 വീടുകളാണ് ജില്ലയില്‍ മഴക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്നത്. ഇതില്‍ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 115 വീടുകളുടെ താക്കോല്‍ദാനം ചടങ്ങില്‍ നടന്നു. ഭാഗീകമായി വീടുകള്‍ തകര്‍ന്ന 3759 പേരില്‍ 3298 പേര്‍ക്ക് നേരത്തെ ധനസഹായം വിതരണം ചെയ്തിരുന്നു. ബാക്കിയുള്ളവരില്‍ 375 പേര്‍ക്കുള്ള ദുരിതാശ്വാസ ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. ശേഷിക്കുന്നവര്‍ക്കുള്ള ധനസഹായം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എസ്.എം.വി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയാക്കിയ പ്രളയാന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 781/2019)

കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

* അഞ്ചു ദുരിതാശ്വാസ ക്യാംപുകളിലായി 489 പേര്‍

ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. തീരമേഖലയില്‍നിന്ന് 120 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളുടെ തീരമേഖലയിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ചിറയന്‍കീഴ് താലൂക്കില്‍ 11 ഉം തിരുവനന്തപുരം താലൂക്കില്‍ മൂന്നും വീടുകള്‍ കടല്‍ക്ഷോഭത്തില്‍ ഭാഗീകമായി തകര്‍ന്നു.

കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.  വലിയതുറ ബഡ്‌സ് യു.പി. സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാംപില്‍ 16 കുടുംബങ്ങളിലെ 58 പേര്‍ കഴിയുന്നുണ്ട്. വലിയതുറ ഗവണ്‍മെന്റ് യു.പി.എസില്‍ 65 കുടുംബങ്ങളിലെ 282 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും പേട്ട സെന്റ് റോച്ചസ് സ്‌കൂളില്‍ 30 കുടുംബങ്ങളിലെ 114 പേരും കഴിയുന്നുണ്ട്. ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്ന വലിയതുറ ഫിഷറീസ് ഗോഡൗണില്‍ എട്ടു കുടുംബങ്ങളിലെ 32 പേരെ കൂടി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ക്ക്് ആഹാരവും മറ്റ അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓരോ ക്യാംപിലും ചാര്‍ജ് ഓഫിസര്‍മാരായി ഉദ്യോഗസ്ഥരെ നിയോഗച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
(പി.ആര്‍.പി. 782/2019)

യോഗ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ദിശ പദ്ധതി പ്രകാരം ആണ്‍കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ യോഗ ഇന്‍സ്ട്രക്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള യോഗ ഇന്‍സ്ട്രക്ടര്‍മാര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ജൂലൈ 25നു മുന്‍പ് ജില്ലാ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. പ്രായപരിധി 22 മുതല്‍ 50 വയസ് വരെ. 12,000 രൂപയാണ് വേതനം. പദ്ധതിയുടെ ഭാഗമായി ആകെ 30 മണിക്കൂറാണ് യോഗ പരിശീലിപ്പിക്കേണ്ടത്.
(പി.ആര്‍.പി. 783/2019)

ഐ.എച്ച്.ആര്‍.ഡിയുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള എറണാകുളം, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി,
ചേര്‍ത്തല, അടൂര്‍, കല്ലൂപ്പാറ, പൂഞ്ഞാര്‍, കൊട്ടരക്കര, ആറ്റിങ്ങല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒഴിവുള്ള ബി.ടെക് ബ്രാഞ്ചുകളിലേയ്ക്ക് ജൂലൈ 22 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ഥികള്‍ രക്ഷിതാവിനോടൊപ്പം എന്‍ട്രന്‍സ് പരീക്ഷ റാങ്ക് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഫീസ് തുടങ്ങിയവ സഹിതം അതത് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് : മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, എറണാകുളം (8547005097, 04842575370, 2577379), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂര്‍ (8547005032, 04792454125, 2451424), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി (8547005036, 0476 2665935/2666160/2665000), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേര്‍ത്തല (8547005038, 04782553416 /  2552714), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അടൂര്‍ (8547005100, 04734 231995/ 230640), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (8547005034, 0469 2678983/ 2677890), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ (8547005035, 04822 271737), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊട്ടരക്കര (8547005039, 04742453300) കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ആറ്റിങ്ങല്‍ (8547005037, 04702627400).
(പി.ആര്‍.പി. 784/2019)

കടൽക്ഷോഭം : ശംഖുമുഖം ബീച്ചിൽ
ഏഴു ദിവസം സന്ദർശകർക്ക് വിലക്ക്

കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ശംഖുമുഖം ബീച്ചിൽ സന്ദർശകർ പ്രവേശിക്കുന്നത് ജില്ലാ ഭരണകൂടം വിലക്കി. ഇന്നു (ജൂലൈ 20) മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം.

ശക്തമായ കടലാക്രമണത്തെത്തുടർന്ന് ശംഖുമുഖത്ത് വലിയതോതിൽ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ഏഴു ദിവസം സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയത്.

ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗീകമായി തകർന്നിട്ടുള്ളതുമായ കൽകെട്ടുകളുടെ ഭാഗങ്ങളിൽ പ്രത്യേകം സുരക്ഷാ വേലി നിർമിച്ച് സുരക്ഷ ഉറപ്പാക്കാൻ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് നിർദേശം നൽകി. സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാൻ പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രത്തോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *