ശക്തമായ മഴയ്ക്ക് സാധ്യത: ജില്ലയില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് (ജൂലൈ 19) ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. (ജൂലൈ 18 വൈകിട്ട് നാലിന്റെ റിപ്പോര്‍ട്ട് പ്രകാരം) അടിയന്തര സാഹചര്യമുണ്ടായാല്‍ നടപ്പാക്കേണ്ട എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കാലവര്‍ഷം ശക്തമാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും 24 മണിക്കൂറും സജ്ജമായിരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നതിനുള്ള അടിയന്തര ക്രമീകരണങ്ങള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.  ക്യാംപുകള്‍ തുറക്കേണ്ടിവന്നാല്‍ പഞ്ചായത്ത് വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥനെ ഓരോ ക്യാംപിലും ചാര്‍ജ് ഓഫിസറായി നിയമിക്കും.

പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യം, ഫിഷറീസ്, പൊതുമരാമത്ത്, ജലസേചനം, ജലവിഭവം തുടങ്ങിയ വകുപ്പുകളും കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളും പൂര്‍ണ സജ്ജരായിരിക്കണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്ന സമയത്ത് എല്ലാ വകുപ്പുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലയിലെ ദുരന്ത നിവാരണ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായരുടെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.
(പി.ആര്‍.പി. 764/2019)

ശക്തമായ കാറ്റിന് സാധ്യത

കേരള തീരത്ത് വടക്കു പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
(പി.ആര്‍.പി. 765/2019)

‘ജനകീയം ഈ അതിജീവനം’ പൊതുജന സംഗമം
20ന് എസ്.എം.വി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളെ അറിയിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ജനകീയം ഈ അതിജീവനം’ ജില്ലാതല പൊതുജന സംഗമം ജൂലൈ 20ന്. എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് നടക്കുന്ന പരിപാടി ദേവസ്വം – സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രളയ ദുരിതാശ്വാസത്തിനായി നിര്‍മിക്കുന്ന വീടുകളുടെ താക്കോല്‍ ദാനവും ദുരിതാശ്വാസ ധനസഹായ വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും.

പ്രളയക്കെടുതിയില്‍ ജില്ലയില്‍ 3759 വീടുകളാണ് തകര്‍ന്നത്. ഇതില്‍ 3298 പേര്‍ക്ക് ഇതിനോടകം ധനസഹായം നല്‍കിക്കഴിഞ്ഞതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശേഷിക്കുന്നവര്‍ക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ വഴി ലഭിക്കാനുള്ള ധനസഹായ വിതരണവും ഉടന്‍ പൂര്‍ത്തിയാകും.

സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന കാഴ്ചപ്പാടോടെയാണ് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടക്കുന്നത്. ഭരണസുതാര്യത ഉറപ്പുവരുത്തി കാര്യക്ഷമമായും അതിവേഗത്തിലും ഓരോ പദ്ധതികളും പൂര്‍ത്തിയാകുകയാണെന്നും കളക്ടര്‍ പറഞ്ഞു.

20നു നടക്കുന്ന പൊതുജന സംഗമത്തില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലയില്‍നിന്നുള്ള എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.പി. 766/2019)

ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു

സംസ്ഥാന യുവജന കമ്മിഷന്‍ 2019-20 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  14 ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓഡിനേറ്റര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ലഹരി ഉപയോഗം, മാനസികാരോഗ്യം, തീവ്രവാദം, റോഡ് സുരക്ഷ, പരിസ്ഥിതി പുനരുദ്ധാരണം തുടങ്ങിയവ സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങി യുവജനങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള മേഖലകളില്‍ ബോധവത്കരണം നടത്തുന്നതിനായാണ് കോ-ഓഡിനേറ്റര്‍മാരെ നിയമിക്കുന്നത്.

ജൂലൈ 25ന് രാവിലെ പത്തിന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം. പ്ലസ്ടുവാണ് യോഗ്യത. 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഫോറം www.ksyc.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും രണ്ടു ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് യൂത്ത് കമ്മിഷന്‍ സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.പി. 767/2019)

തൈറോയ്ഡ് ക്യാമ്പ്

ഹോമിയോപ്പതി വകുപ്പും ആര്യങ്കോട് ഗ്രാമപഞ്ചായത്തും സംയുക്തമായി തൈറോയ്ഡ് ക്യാമ്പ് സംഘടിപ്പിച്ചു.  തൈറോയ്ഡ് രോഗങ്ങളും ഹോമിയോപ്പതിയും എന്ന വിഷയത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.ജെ. അഗസ്റ്റിന്‍ ക്ലാസ് എടുത്തു.  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. സി.എസ്. ഗീത രാജശേഖരന്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.  ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
(പി.ആര്‍.പി. 768/2019)

അപേക്ഷ ക്ഷണിച്ചു

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), ഡി.റ്റി.പി. മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ക്ക് 0471 2360611, 8075289889.
(പി.ആര്‍.പി. 769/2019)

പ്രോഗ്രാം മാനേജര്‍: അഭിമുഖം 

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ അട്ടപ്പാടിയില്‍ ആരംഭിക്കുന്ന നൂതന പദ്ധതിയിലേക്ക് പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  ജൂലൈ 23 ന് തൈക്കാട് പി.ഡബ്ല്യൂ.ഡി. റെസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്റര്‍വ്യൂ.  വിശദവിവരങ്ങള്‍ kdisc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2332920.
(പി.ആര്‍.പി. 770/2019)

വൈദ്യുതി മുടങ്ങും

വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാഞ്ഞിരംപാറ, കാടുവെട്ടി റിവര്‍, ആര്യക്കോണം എന്നിവിടങ്ങളില്‍ ഇന്ന് (ജൂലൈ 19) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 771/2019)

Leave a Reply

Your email address will not be published. Required fields are marked *