പ്രളയം: ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മരണം 170 കടന്നു

ന്യൂഡൽഹി: ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദുരിതം വിതച്ച പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 170 കടന്നു. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ബിഹാറിലും അസമിലും മഴയ്‍ക്കു നേരിയ ശമനമുണ്ടായിട്ടുണ്ട്. ബിഹാറില്‍ പ്രളയബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 181 കോടി രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്തു മാത്രം 93 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായാണ് കണക്ക്.

ബിഹാറിലും അസമിലും മഴയ്‍ക്ക് ശമനമുണ്ടായത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബിഹാറില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ അടിയന്തരസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ പ്രളയം നേരിടുന്ന അസമില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മരിച്ചത് 11 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 47 ആയി.

ഒന്നര ലക്ഷം ഹെക്ടര്‍ കൃഷി ഭൂമി നശിച്ചു. കാസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഒന്നര ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. മഴയ്‍ക്ക് ശമനമുണ്ടെങ്കിലും ബ്രഹ്മപുത്രയിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. ദേശീയ പൗരത്വ റജിസ്റ്ററിന്റെ അന്തിമ പട്ടിക തയാറാക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രളയത്തിനിടയിലും അസമില്‍ ജനങ്ങള്‍ വീടു ഉപേക്ഷിക്കാന്‍ പോകാന്‍ മടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *