ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിലൂടെ ഇംഗ്ലണ്ട് ലോക ചാംപ്യൻമാർ

ലോഡ്സ്: ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിലൂടെ  ഇഞ്ചോടിഞ്ചു പൊരുതിയ ന്യൂസീലൻഡിന്റെ  തകര്‍ത്ത്‌ ആതിഥേയരായ ഇംഗ്ലണ്ട് ലോക ചാംപ്യൻമാർ.

നിശ്ചിത 50 ഓവറിൽ ഇരു ടീമുകളും 241 റൺസ് വീതമെടുത്ത് ടൈയിൽ പിരിഞ്ഞതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്. മൽസരത്തെ വെല്ലുന്ന ആവേശവുമായെത്തിയ സൂപ്പർ ഓവറിലും ഇരു ടീമുകളും 15 റൺസ് വീതമെടുത്ത് ടൈയിൽ പിരിഞ്ഞെങ്കിലും മൽസരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് ജേതാക്കളായി.

ഇംഗ്ലണ്ടിനായി സൂപ്പർ ഓവർ നേരിട്ടത് ജോസ് ബ‍ട്‌ലർ – ബെൻ സ്റ്റോക്സ് സഖ്യമാണ്. ട്രെനന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ രണ്ടു ബൗണ്ടറി, ഒരു ട്രിപ്പിൾ, ഒരു ഡബിൾ, രണ്ട് സിംഗിൾ എന്നിങ്ങനെ ഇംഗ്ലണ്ട് അടിച്ചെടുത്തത് 15 റൺസ്. മറുപടി ബാറ്റിങ്ങിൽ ന്യൂസീലന്‍ഡിനായി കളത്തിലിറങ്ങിയത് വമ്പനടികളുടെ ആശാൻമാരായ മാർട്ടിൻ ഗപ്ടിലും ജിമ്മി നീഷമും. വൈഡോടെയാണ് ആർച്ചർ തുടങ്ങിയത്. മൂന്നാം പന്തിൽ സിക്സടിച്ച് ജിമ്മി നീഷം ആവേശം വാനോളമുയർത്തി. ഒടുവിൽ അവസാന പന്തിൽ വിജയത്തിലേക്ക് രണ്ടു റൺസെന്ന നിലയിൽ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർട്ടിൻ ഗപ്ടിൽ പുറത്തായതോടെ സൂപ്പർ ഓവറും ടൈയായി.  ഇരു ടീമുകളും ടൈയിൽ പിരിഞ്ഞ സാഹചര്യത്തിലാണ് മൽസരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.

നേരത്തെ ന്യൂസീലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. അവസാന പന്തിൽ വിജയത്തിലേക്ക് ഇംഗ്ലണ്ടിന് രണ്ടു റൺസെന്ന നിലയിൽ നിൽക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർക്ക് വുഡ് റണ്ണൗട്ടായതാണ് നിർണായകമായത്. ഇതോടെ മൽസരം ടൈയിൽ പിരിഞ്ഞു. ബെൻ സ്റ്റോക്സ് 98 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 84 റൺസോടെ പുറത്താകാതെ നിന്നു. മാർട്ടിൻ ഗപ്ടിൽ, അവസാന ഓവറിൽ ഓവർത്രോയിലൂടെ വഴങ്ങിയ നാലു റണ്‍സാണ് ന്യൂസീലൻഡിനു വിനയായത്.

Leave a Reply

Your email address will not be published. Required fields are marked *