എസ്എഫ്ഐയ്ക്ക് തെറ്റുപറ്റി, തിരുത്തണം: കോടിയേരി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമത്തെ ശക്തമായി അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്എഫ്ഐയ്ക്ക് തെറ്റുപറ്റിയെന്നും തിരുത്തണമെന്നും കോടിയേരി പറഞ്ഞു. കുത്തേറ്റ അഖില്‍ ചന്ദ്രനെ ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി ഒരു പ്രതിയെയും സംരക്ഷിക്കില്ല. പൊലീസ് ശക്തമായ നടപടിയെടുക്കണം. കോളജിൽ വിദ്യാർഥികൾക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ടാകണം. യൂണിവേഴ്സ്റ്റി കോളജിലെ അക്രമം ഒരു തരത്തിലും ന്യായീകരിക്കില്ല. സംഘർഷത്തെ തുടർന്നു ചില തീരുമാനങ്ങൾ ഇപ്പോൾ തന്നെ എസ്എഫ്ഐ എടുത്തിട്ടുണ്ട്. ഇനിയും ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ചുമതലയും സ്വാതന്ത്ര്യവും അവർക്കുണ്ട്. എസ്എഫ്ഐ ഒരു സ്വതന്ത്ര സംഘടനയാണ്. അതിൻമേൽ സിപിഎമ്മിന്റെ തീരുമാനങ്ങൾ അടിച്ചേൽപിക്കാനില്ല.

പൊലീസ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. എവിടെയൊക്കെ പരിശോധന നടത്തണമെന്നും എന്തൊക്കെ അന്വേഷിക്കണമെന്നും തീരുമാനിക്കുന്നതു പൊലീസിന്റെ അന്വേഷണസംഘമാണ്. എന്നാൽ, ഈ സംഘർഷത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി കോളജ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തെ അംഗീകരിക്കില്ല. അതു രാഷ്ട്രീയശത്രുക്കളായ യുഡിഎഫുകാർ എക്കാലവും ഉന്നയിക്കുന്ന ആവശ്യമാണ്. കോളജ് ഉണ്ടെങ്കിലും ഇല്ലെങ്കിലും സംഘർഷങ്ങളുണ്ടാകാം. തിരുത്തലുകളാണ് ആവശ്യമെന്നും കോടിയേരി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *