പ്രളയ പുനര്‍നിര്‍മാണം: 15ന് വികസന സംഗമം സംഘടിപ്പിക്കും

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിനായി 15ന് തിരുവനന്തപുരത്ത് വികസന സംഗമം സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കോണ്‍ക്ലേവില്‍ അവതരിപ്പിച്ച് ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ നേടിയെടുക്കുകയാണ് ലക്ഷ്യം. ലോക ബാങ്കിന്റെയും ഏഷ്യന്‍ ബാങ്കിന്റെയും ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടേയുമടക്കം നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള പുനര്‍നിര്‍മാണത്തിന് വിവിധ ഏജന്‍സികള്‍ കണക്കാക്കിയത് 31,000 കോടിരൂപയാണ്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഏജന്‍സികളെ പങ്കെടുപ്പിക്കുന്നതിന് രാജ്യാന്തര വികസന പങ്കാളികളുമായി ചര്‍ച്ച നടന്നു. ലോകബാങ്ക് പ്രതിനിധികളുമായും ചര്‍ച്ച നടത്തി. വികസന വായ്പ ലഭ്യമാക്കാമെന്നു ലോകബാങ്ക് സമ്മതിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

1,726 കോടിരൂപയുടെ സഹായമാണ് ലോകബാങ്ക് നല്‍കുന്നത്. ഈ തുക തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണത്തിനും ജലവിതരണത്തിനും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും ഉപജീവന മാര്‍ഗം സൃഷ്ടിക്കലിനും ഉപയോഗിക്കും. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്നതിന് സഹായിക്കാമെന്നു ജര്‍മന്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്. 1,400 കോടിരൂപ ലഭ്യമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. കേരള പുനര്‍നിര്‍മാണ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഈ സഹായം മാത്രംപോരെന്നും, ഇനിയും വായ്പയും സാങ്കേതിക സഹായവും ലഭ്യമാകണമെന്നും, അതിനാണ് സംഗമം സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *