കോടതി അലക്ഷ്യമുണ്ടായാല്‍ കോടതിയെ സമീപിക്കും: ഓര്‍ത്തഡോക്സ് സഭ

തിരുവനന്തപുരം: സുപ്രീംകോടതി വിധി കാലതാമസമില്ലാതെ നടപ്പാക്കണമെന്ന നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ്‌ സഭ. കോടതിയലക്ഷ്യമുണ്ടായാല്‍ തുടർനടപടികൾ തേടി കോടതിയെ സമീപിക്കുമെന്നും സഭാ പ്രതിനിധികള്‍ മന്ത്രി ഇ.പി. ജയരാജനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ സമവായ ശ്രമങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും കോടതിവിധി ഒരു വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുന്നതായും യാക്കോബായ സഭാ പ്രതിനിധികള്‍ പ്രതികരിച്ചു.

കോടതി വിധി നടപ്പാക്കാന്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും സമവായനീക്കങ്ങള്‍ കോടതിയലക്ഷ്യമാകുമെന്നും വ്യക്തമാക്കുന്ന ഓര്‍ത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കത്ത് പ്രതിനിധികള്‍ മന്ത്രി ഇ.പി.ജയരാജനു കൈമാറി.

നിയമ പ്രശ്നം മാത്രമല്ല, വിശ്വാസത്തിന്റെ പ്രശ്നം കൂടിയാണിതെന്ന് യാക്കോബായ സഭാ പ്രതിനിധികള്‍ പറഞ്ഞു. തര്‍ക്കം തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും സുപ്രീംകോടതി വിധിയുടെ അന്തഃസത്ത നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു‍. കോടതി വിധി നടപ്പിലാക്കണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്കുക കൂടി ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സമവായശ്രമം.

Leave a Reply

Your email address will not be published. Required fields are marked *