മഴ: ഇന്ത്യ–കിവീസ് സെമി പോരാട്ടം ബുധനാഴ്‌ച തുടരും

മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ  ഇന്ത്യ–ന്യൂസീലൻഡ് പോരാട്ടം തടസ്സപ്പെടുത്തിയെത്തിയ മഴ പിൻവാങ്ങാതെ വന്നതോടെ മൽസരത്തിന്റെ ബാക്കി, റിസർവ് ദിനമായ ബുധനാഴ്ചത്തേക്കു മാറ്റി.

ഓവറുകൾ വെട്ടിച്ചുരുക്കിയിട്ടാണെങ്കിലും മൽസരം  തീർക്കാനുള്ള ശ്രമങ്ങൾക്ക് മഴ തുരങ്കം വച്ചതോടെയാണ് മൽസരം റിസർവ് ദിനത്തിലേക്കു നീട്ടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് 46.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു നിൽക്കെയാണ് മൽസരം മഴ തടസ്സപ്പെടുത്തിയത്. പിന്നീട് പെയ്തും തോർന്നും നിന്ന മഴ മൽസരം പുനഃരാരംഭിക്കാനുള്ള ശ്രമങ്ങൾക്കു വിഘാതം സൃഷ്ടിച്ചതോടെ മൽസരത്തിന്റെ ബാക്കി റിസർവ് ദിനത്തിലേക്കു മാറ്റാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു.

ഓവറുകൾ വെട്ടിച്ചുരുക്കിയാലും മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ഏറ്റവും കുറഞ്ഞത് 20 ഓവറെങ്കിലും കളിക്കാനുള്ള സമയമുണ്ടെങ്കിലേ റിസർവ് ദിനത്തിലേക്കു നീട്ടാതെ കളി പൂർത്തിയാക്കാൻ കഴിയുമായിരുന്നുള്ളൂ. തുടർച്ചയായി മഴ പെയ്തതോടെ ഈ സാധ്യതയും അടഞ്ഞു. ഇതോടെ, ന്യൂസീലൻഡ് ഇന്നിങ്സിൽ ശേഷിക്കുന്ന 23 പന്തുകൾ റിസർവ് ദിനമായ ബുധനാഴ്ചയാകും പൂർത്തിയാക്കുക. ഇതിനു ശേഷമാകും ഇന്ത്യ മറുപടി ബാറ്റിങ്ങിന് ഇറങ്ങുക. മൽസരം മഴ മുടക്കുമ്പോൾ ക്രീസിലുണ്ടായിരുന്ന റോസ് ടെയ്‍ലർ (67), ടോം ലാഥം (മൂന്ന്) എന്നിവരാകും ബുധനാഴ്ച ന്യൂസീലൻഡ് ഇന്നിങ്സ് പുനഃരാരംഭിക്കുക. ഇന്ത്യയ്ക്കായി 47–ാം ഓവറിനു തുടക്കമിട്ട ഭുവനേശ്വർ കുമാർ, ഇതേ ഓവറിലെ രണ്ടാം പന്തെറിഞ്ഞ് റിസർവ് ദിനത്തിലെ മൽസരത്തിനു തുടക്കമിടും.

Leave a Reply

Your email address will not be published. Required fields are marked *