വൈദ്യുതി നിരക്ക് കൂട്ടി; 6.8 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധന. നിലവിലുള്ള നിരക്കില്‍നിന്ന് 6.8 ശതമാനമാണ് ആകെ വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 11.4 ശതമാനവും വ്യവസായ ഉപഭോക്താക്കളില്‍ എല്‍ടി വിഭാഗത്തിന് 5.7 ശതമാനവും എച്ച്ടി വിഭാഗത്തിന് 6.1 ശതമാനവും കൊമേഷ്യല്‍ വിഭാഗത്തിന് 3.3 ശതമാനവുമാണ് വര്‍ധന. വൈദ്യുതി വാങ്ങിയതിലൂടെയുണ്ടായ 1,100 കോടിരൂപയുടെ നഷ്ടം നികത്താനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മിഷനു നിവേദനം നല്‍കിയത്. ഇതില്‍ 902 കോടിരൂപ നിരക്കു വര്‍ധനയിലൂടെ ഈടാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അനുവാദം നല്‍കി. പരിഷ്‌ക്കരിച്ച താരിഫ് നിരക്ക് ജൂലൈ എട്ടിനു പ്രാബല്യത്തില്‍വരും.

1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല. ഈ ഉപഭോക്താക്കള്‍ യൂണിറ്റിന് ഇപ്പോഴുള്ള വിലയായ 1.50രൂപ നല്‍കിയാല്‍ മതി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്റ്റഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ ആ കുടുംബങ്ങള്‍ക്ക് പ്രതിമാസം 100 യൂണിറ്റുവരെ യൂണിറ്റിന് 1.50രൂപ നിരക്കു നല്‍കിയാല്‍ മതി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രതിമാസം 150 യൂണിറ്റുവരെ യൂണിറ്റിന് 1.50 രൂപ നല്‍കിയാല്‍ മതി. എല്ലാവിഭാഗങ്ങളുടേയും താരിഫ് ശരാശരി വിലയുടെ 20 ശതമാനമായി കമ്മിഷന്‍ നിജപ്പെടുത്തി.

റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ച കണക്കനുസരിച്ച് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാര്‍ജില്‍ 18 രൂപ മുതല്‍ 254 രൂപവരെ വര്‍ധനയുണ്ടാകും. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവില്‍ നല്‍കുന്നത് 175. ഇനി 18രൂപ അധികം നല്‍കണം. 75 യൂണിറ്റുവരെ നിലവില്‍ 260. ഇനി 35 രൂപ അധികം നല്‍കണം. 100യൂണിറ്റുവരെ ഇപ്പോള്‍ 345. ഇനി 42 രൂപ അധികം നല്‍കണം. 125 യൂണിറ്റിന് ഇപ്പോള്‍ നല്‍കുന്നത് 458. ഇനി 60രൂപ അധികം നല്‍കണം. 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ നല്‍കുന്ന 570 രൂപയേക്കാൾ 67 രൂപ കൂടുതല്‍ നല്‍കണം. 175 യൂണിറ്റുവരെ 723 രൂപ നല്‍കുന്നവര്‍ 90 രൂപ കൂടുതലായി നല്‍കണം. 200 യൂണിറ്റുവരെ 875 രൂപ നല്‍കുന്നവര്‍ ഇനി 97 രൂപ അധികം നല്‍കണം. 511 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ നല്‍കുന്നത് 3913രൂപ. ഇനി 254 രൂപ അധികം നല്‍കണം.

 

Leave a Reply

Your email address will not be published. Required fields are marked *