കർണാടകയിൽ 2 മന്ത്രിമാർ കൂടി രാജിവച്ചു; സർക്കാർ പക്ഷത്ത് 104 പേർ മാത്രം

ബെംഗളൂരു: രണ്ടാഴ്ച മുൻപു മന്ത്രിമാരായ 2 പേർ കൂടി രാജിവച്ച് വിമതരോടൊപ്പം ചേർന്നതോടെ കർണാടകയിലെ ജനതാദൾ (എസ്)– കോൺഗ്രസ് സർക്കാരിനു ഭൂരിപക്ഷം നഷ്ടമായി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഒഴികെ മന്ത്രിസഭയിലെ എല്ലാവരെയും രാജിവയ്പിച്ച് സർക്കാരിനെ രക്ഷിക്കാനുള്ള അവസാന ശ്രമം തുടരുകയാണ് ഇരു പാർട്ടികളും. കോൺഗ്രസിന്റെ ഇരുപത്തിയൊന്നും ദളിന്റെ ഒൻപതും മന്ത്രിമാർ രാജിവച്ചു. സ്വതന്ത്രനായ എച്ച്. നാഗേഷ്, കെപിജെപി എന്ന ഏകാംഗ പാർട്ടിയുടെ ആർ. ശങ്കർ എന്നിവരാണ് ബിജെപി പക്ഷത്തേക്കു മാറിയ മന്ത്രിമാർ.

ഇതോടെ, 224 അംഗ നിയമസഭയിൽ സർക്കാരിനെ പിന്തുണയ്ക്കുന്നവർ 104 ആയി കുറഞ്ഞു; നാഗേഷും ശങ്കറും ഉൾപ്പെടെ ബിജെപി പക്ഷത്ത് 107 പേർ. കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാത്തവരെ അയോഗ്യരാക്കാനും നീക്കം ആരംഭിച്ചു. വ്യക്തിപരമായ കാരണങ്ങളല്ല, സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു രാജി എന്ന വാദമായിരിക്കും യോഗത്തിന് എത്താത്തവർക്കെതിരെ പാർട്ടി ഉന്നയിക്കുക. സ്പീക്കർ അയോഗ്യരാക്കിയാൽ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച് എംഎൽഎമാരാകാനുള്ള ഇവരുടെ നീക്കം പാളും.

Leave a Reply

Your email address will not be published. Required fields are marked *