ആർബിഐ ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവച്ചു

ന്യൂഡൽഹി : കാലാവധി തീരാൻ ആറുമാസം ബാക്കി നിൽക്കെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവച്ചു. ന്യൂയോർക്കിലെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ അധ്യാപകനായിരിക്കെയാണ് വിരാൽ ആചാര്യ ആർബിഐയിൽ എത്തിയത്. 2020 ജനുവരി 20 വരെയായിരുന്നു കാലാവധി. കേന്ദ്രവുമായുള്ള അഭിപായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ആർബിഐ മുൻ ഗവര്‍ണർ ഊർജിത് പട്ടേലിന്റെ അടുത്തയാളായിരുന്നു.

റിസർവ് ബാങ്കിന്റെ സ്വയംഭരണ അവകാശത്തിൻമേൽ കൈകടത്താൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ആചാര്യ വ്യക്തമാക്കിയിരുന്നു. ചില ബാങ്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടതോടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്. ഊർജിത് പട്ടേൽ രാജി വച്ചതിന് പിന്നാലെ വിരാൽ ആചാര്യയും സ്ഥാനമൊഴിയുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും ആർബിഐ അത് തള്ളി.

ഊർജിത് പട്ടേൽ ഗവർണറായി ചുമതലയേറ്റതിനു പിന്നാലെയാണ് ആചാര്യ ഡപ്യൂട്ടി ഗവർണറായി തൽസ്ഥാനത്തെത്തുന്നത്. ന്യൂയോർക്കിൽ അധ്യാപന മേഖലയിലേക്കു തന്നെ ആചാര്യ മടങ്ങുമെന്നാണു റിപ്പോർട്ടുകൾ. ആർബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു ആചാര്യക്ക്. വളർച്ച, പണപ്പെരുപ്പം തുടങ്ങിയ കാര്യങ്ങളിൽ ഗവർണർ ശക്തികാന്ത ദാസുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *