പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ബിജെപിയിൽ ചേരാൻ മോദി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി

ന്യൂഡൽഹി : കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട എ.പി.അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു കൂടിക്കാഴ്ച. ബിജെപിയിൽ ചേരാൻ മോദി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്കു പിന്നാലെ നരേന്ദ്ര മോദിയെ ഗാന്ധിയനായി വിശേഷിപ്പിച്ച് അബ്ദുല്ലക്കുട്ടി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പാർട്ടിയിൽനിന്ന് ശക്തമായ വിമർശനമാണ് ഉണ്ടായത്. പിന്നാലെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. ബിജെപിയിൽ ചേരുന്നതിനു മുന്നോടിയായാണു പ്രശംസയെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അബ്ദുല്ലക്കുട്ടി നിഷേധിച്ചിരുന്നു. ഗാന്ധിജിയുടെ നാട്ടുകാരൻ എന്ന നിലയിൽ ഗാന്ധിയൻ മൂല്യം തന്റെ ഭരണത്തിൽ മോദി പ്രയോഗിച്ചതാണു മോദിയെ ജനപ്രിയനാക്കിയതെന്നാണ് അബ്ദുല്ലക്കുട്ടി പറഞ്ഞത്. ഒരു നയം ആവിഷ്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമിക്കുക എന്നു ഗാന്ധിജി പറഞ്ഞതു മോദി കൃത്യമായി നിർവഹിച്ചു.

സ്വച്ഛ് ഭാരത് പദ്ധതിയിൽ 9.16 കോടി കുടുംബങ്ങൾക്കു സ്വന്തം ശുചിമുറിയും ഉജ്ജ്വല യോജന പദ്ധതിയിൽ 6 കോടി കുടുംബങ്ങൾക്കു സൗജന്യമായി എൽപിജി ഗ്യാസ് കണക്ഷനും നൽകി. ചാണകം ഉണക്കി, ചില്ലക്കമ്പുകൾ ശേഖരിച്ചിരുന്ന 6 കോടി അമ്മമാർക്കു മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്. മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജൻഡയുടെയും അംഗീകാരമാണ് ഈ വിജയം– എന്നിങ്ങനെയായിരുന്നു അബ്ദുല്ലക്കുട്ടിയുടെ മോദി സ്തുതി.

Leave a Reply

Your email address will not be published. Required fields are marked *